മോണിക്ക ഗുർദെ വധം: ദൃശ്യങ്ങൾ സിസിടിവിയിൽ


പനാജി: കഴിഞ്ഞ ദിവസം സ്വന്തം വസതിയിലെ ബെഡ്‌റൂമിൽ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ സുഗന്ധദ്രവ്യ ഗവേഷക മോണിക്ക ഗുർദെയുടെ കൊലയാളികളെന്നു സംശയിക്കുന്ന രണ്ടു പേർ സിസിടിവി കാമറയിൽ കുടുങ്ങി. കൊലയ്ക്കു പിന്നിൽ ഈ രണ്ടു പേരാണെന്നും പൊലീസ് തിരിച്ചറിഞ്ഞു. പുർവോറിമിലെ ഒരു എടിഎം കൗണ്ടറിലെ സിസിടിവി കാമറയിലാണ് പ്രതികളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. മോണിക്കയുടെ എടിഎം ഉപയോഗിച്ച് പണം പിൻവലിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സുഗന്ധദ്രവ്യ ഗവേഷകയും ഫാഷൻ ഡിസൈനറുമായ മോണിക്ക ഗുർദെയെ സാൻഗോൾഡയിലെ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
പ്രതികൾ ആരാണെന്നോ ഇവരുടെ പേരു വിവരമോ ലഭ്യമായിട്ടില്ല. കൊലപാതകം നടന്ന സ്ഥലത്തുനിന്നു മൂന്നു കിലോമീറ്റർ അകലെയാണ് ഈ എടിഎം. ഇതേ എടിഎം കാർഡ് ഉപയോഗിച്ച് ബംഗളുരുവിൽനിന്നു പണം പിൻവലിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേതുടർന്ന് അന്വേഷണം കർണാടകയിലേക്കു കൂടി വ്യാപിപ്പിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ബലാൽസംഗം നടന്നിട്ടുണ്ടാകാം എന്ന നിലപാടിൽ ഫൊറൻസിക് വിഭാഗം ഉറച്ചു നിൽക്കുന്നു.
അപ്പാർട്ട്‌മെന്റിലെ തന്റെ കിടപ്പുമുറിയിലായിരുന്നു മോണിക്കയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂർണ നഗ്‌നയായി കട്ടിലിനോട് ചേർത്ത് കൈയും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച രാത്രി നടന്ന കൊലപാതകത്തിന്റെ വിവരം വെള്ളിയാഴ്ച രാവിലെയാണ് അറിഞ്ഞത്. വേലക്കാരി വന്നു വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ അവർ, അയൽക്കാരിയെയും മോണിക്കയുടെ സഹോദരനെയും വിവരം അറിയിച്ചു. ഇവരെത്തിയ ശേഷം ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ചാണ് വാതിൽ തുറന്നത്. ഈസമയത്താണ് മരിച്ചു കിടക്കുന്നതായി ശ്രദ്ധയിൽ പെട്ടതും മോണിക്കയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് പറയുന്നു. കഴുത്തു ഞെരിച്ച് ശ്വാസംമുട്ടിച്ച പാടുകളും മൃതദേഹത്തിലുണ്ട്. എന്നാൽ മൂന്നുമുറികളുള്ള അപ്പാർട്ട്‌മെന്റിൽനിന്നു വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമായിട്ടുണ്ടോ എന്നതിനെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല. അതേസമയം, വീടിനുള്ളിലേക്ക് ആരും പ്രവേശിക്കുന്നതു കണ്ടില്ലെന്ന് കാവൽക്കാരൻ പൊലീസിനു മൊഴി നൽകി.

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed