ബലാൽത്സംഗക്കേസ്: പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം, 10 ലക്ഷം രൂപ പിഴ


ഷീബ വിജയൻ

ബംഗളൂരുI മാനഭംഗക്കേസിൽ ജനതാദൾ(എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം. 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ബംഗളൂരു അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് ആണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. അതിവേഗമായിരുന്നു കേസിന്‍റെ നടപടികൾ നടന്നത്. കേസ് രജിസ്റ്റർ ചെയ്ത് 14 മാസത്തിനുള്ളിലാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിക്കൊണ്ടുള്ള വിധി പുറത്തുവന്നത്. 2021ൽ കോവിഡ് ലോക്ക്ഡൗൺ കാലത്ത് കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽവച്ച് 48കാരിയെ രണ്ടുതവണ ലൈംഗികപീഡനത്തിനിരയാക്കിയെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് കേസ്. മറ്റു നിരവധി സ്ത്രീകളെ പ്രജ്വൽ ലൈംഗികപീഡനത്തിന് ഇരയാക്കുന്നതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പരാതിക്കാരി പോലീസിനെ സമീപിച്ചത്. ഇയാൾക്കെതിരേയുള്ള നാല് പീഡനക്കേസുകളില്‍ ആദ്യത്തേതിലാണു ശിക്ഷ വിധിച്ചിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 26 തെളിവുകള്‍ കോടതി പരിശോധിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെയാണു ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലൂടെ പ്രചരിച്ചത്. ഹാസന്‍ ലോക്‌സഭാ മണ്ഡലത്തിലെ ജനതാദൾ സ്ഥാനാര്‍ഥിയായിരുന്ന പ്രജ്വലിനെതിരേ വ്യാപക ജനരോഷം ഉയർന്നതോടെ ഇയാൾ വോട്ടെടുപ്പു ദിവസം രാത്രി ജർമനിയിലേക്കു കടന്നു. പ്രജ്വലിനെ പിടികൂടാനായി ഇന്‍റർപോളിന്‍റെ സഹായം തേടിയതോടെ തിരികെ ഇന്ത്യയിലെത്തിയപ്പോൾ കഴിഞ്ഞ മേയ് 31ന് പ്രത്യേക അന്വേഷണസംഘത്തിന്‍റെ പിടിയിലാവുകയായിരുന്നു. തെരഞ്ഞെടുപ്പിൽ മണ്ഡലം നിലനിർത്തുന്നതിൽ പ്രജ്വൽ പരാജയപ്പെടുകയും ചെയ്തു.

article-image

CDSDSDS

You might also like

  • Straight Forward

Most Viewed