കേരളത്തിൽ എയിംസ് വരും; വന്നില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് വരില്ല; സുരേഷ് ഗോപി
ശാരിക
തിരുവനന്തപുരം: കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വീണ്ടും ഉറപ്പുനൽകി. എയിംസ് വന്നില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് വരില്ലെന്നും ഇത് താൻ നൽകിയ വാക്കാണെന്നും ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെ.പി. നഡ്ഡ ഇക്കാര്യം ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എയിംസിനായി സംസ്ഥാന സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, സ്ഥാപിക്കുന്നതിനായി നിർദേശിക്കേണ്ട അഞ്ച് സ്ഥലങ്ങളുടെ പട്ടിക ഇതുവരെ സംസ്ഥാനം കേന്ദ്രത്തിന് നൽകിയിട്ടില്ലെന്നും സുരേഷ് ഗോപി ആരോപിച്ചു.
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് നിലവിൽ മുൻഗണനയിലില്ലെന്നും സംസ്ഥാനം ആരോഗ്യ രംഗത്ത് മികച്ചതാണെന്നുമാണ് കേന്ദ്ര സർക്കാർ മുൻപ് കോടതിയെ അറിയിച്ചത്. എന്നാൽ കേരളം എയിംസിന് അർഹമാണെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. കേരളത്തിന് എന്താണ് അയോഗ്യതയെന്നും ആരോഗ്യം മെച്ചപ്പെട്ടത് അയോഗ്യതയാണോ എന്നും ചോദിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജനസാന്ദ്രതയേറിയ കേരളത്തിലെ സാധാരണക്കാർക്ക് വൻകിട സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാകില്ലെന്നും നിരീക്ഷിച്ചു. വിഷയത്തിൽ ആറാഴ്ചയ്ക്കകം കൃത്യമായ നിലപാട് അറിയിക്കാൻ ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ 11 വർഷമായി കേരളം എയിംസിനായി കാത്തിരിക്കുകയാണ്. ഇതിനായി കോഴിക്കോട് കിനാലൂരിൽ സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകിയിട്ടും കേന്ദ്രത്തിൽ നിന്ന് അനുകൂല നടപടികളൊന്നും ഉണ്ടായില്ല. എയിംസ് വരേണ്ട ഏറ്റവും യോഗ്യമായ സ്ഥലം തൃശൂർ ആണെന്നും ശാന്തമായ അന്തരീക്ഷം അവിടെയുണ്ടെന്നും കഴിഞ്ഞദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നു. താൻ ബി.ജെ.പി എം.പി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ വരില്ലെന്നും, സാമ്പത്തികമായി നോക്കുകയാണെങ്കിൽ ഇത് വരേണ്ടത് ആലപ്പുഴയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഉപരാഷ്ട്രപതിയും കേരളത്തിന് എയിംസ് എന്ന സ്വപ്നം വൈകാതെ സാക്ഷാത്കരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
ddsfsdf

