പ്രകൃതി വാതക പൈപ്പ് ലൈൻ തെക്കൻ കേരളത്തിലേക്കും; കൊച്ചി - തൂത്തുക്കുടി പദ്ധതിക്ക് അംഗീകാരം
ഷീബ വിജയൻ
കൊച്ചി: കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലേക്ക് 2,448.70 കോടി രൂപ നിക്ഷേപത്തിൽ പ്രകൃതി വാതക പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിക്ഷേപത്തിന് ഇന്നലെ ചേർന്ന യോഗം അംഗീകാരം നൽകി. കൊച്ചിയിൽ നിന്ന് കന്യാകുമാരി വഴി തൂത്തുക്കുടി വരെയുള്ള ഈ വാതകശൃംഖല 426.65 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. ദക്ഷിണേന്ത്യയിൽ പ്രകൃതിവാതക ലഭ്യത ശക്തിപ്പെടുത്താൻ പര്യാപ്തമാണ് പദ്ധതി. പെട്രോളിയം പ്രകൃതിവാതക നിയന്ത്രണ ബോർഡ് പദ്ധതിക്ക് നേരത്തെ അനുമതി നൽകിയിരുന്നു.
പ്രതിദിനം 6.84 മില്യൺ മെട്രിക് സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ വാതകം വഹിക്കാനുള്ള ശേഷിയാണ് നിർദിഷ്ട പദ്ധതിക്കുണ്ടാവുക. അതായത് ദിവസം 68.4 ലക്ഷം ക്യുബിക് മീറ്റർ വാതകം ഇതിലൂടെ കൊണ്ടുപോകാനാകും. ഇതിൽ മറ്റ് വിതരണക്കാർക്കായി നീക്കിവയ്ക്കുന്ന കോമൺ കാരിയർ ശേഷി 17.1 ലക്ഷം സ്റ്റാൻഡേഡ് ക്യൂബിക് മീറ്ററായിരിക്കും. അതായത് 25 ശതമാനം മറ്റുള്ളവർക്കും ഉപയോഗിക്കാം. നിർമാണ സമയക്രമത്തെക്കുറിച്ചോ, പദ്ധതി എപ്പോൾ കമ്മീഷൻ ചെയ്യാൻ ആകുമെന്നതിനെക്കുറിച്ചോ ഐഒസി വ്യക്തമാക്കിയിട്ടില്ല. ഫണ്ടിങ് എങ്ങനെയാണെന്നും അറിവായിട്ടില്ല.
2030ഓടെ റോഡുവഴി ടാങ്കറുകളിൽ വാതകം കൊണ്ടുപോകുന്നത് അവസാനിപ്പിക്കാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. കേരളത്തിലും തമിഴ്നാടിന്റെ തെക്കൻ മേഖലകളിലും പ്രകൃതിവാതകം എത്തിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ സിറ്റി ഗ്യാസ് ശൃംഖല കൂടുതൽ ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. വീടുകൾക്കൊപ്പം വ്യവസായശാലകൾക്കും വാണിജ്യസ്ഥാപനങ്ങൾക്കും ഊർജനിലയങ്ങൾക്കും വാതക ലഭ്യത എളുപ്പമാക്കാൻ ഇതിലൂടെ കഴിയും. കാർബൺ പുറന്തള്ളൽ കൂടുതലുള്ള മറ്റ് ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഈ പൈപ്പ് ലൈൻ ശൃംഖല സഹായകരമാകും.
കൊച്ചിയിലെ പെട്രോനെറ്റ് എൽഎൻജി ടെർമിനലിന്റെ ശേഷി വൻതോതിൽ ഉയർത്താൻ പദ്ധതി വഴിവെക്കും. കൊച്ചിയിൽനിന്ന് കർണാടകത്തിലെ മംഗളൂരുവിലേക്ക് പ്രകൃതി വാതക പൈപ്പലൈൻ നിലവിലുണ്ട്. ഗെയിൽ നിർമിച്ച 450 കിലോമീറ്റർ വാതകക്കുഴൽ 2021-ലാണ് കമ്മിഷൻ ചെയ്തത്.
dfsdsdsdf

