വ്യാജ പരസ്യവും ഗുണനിലവാരക്കുറവും: നെസ്ലെ ഇന്ത്യയ്ക്കെതിരെ നിയമനടപടിയുമായി എഫ്.എസ്.എസ്.എ.ഐ
ശാരിക
ന്യൂഡൽഹി: ശിശു പോഷകാഹാര ഉത്പന്നങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യപ്രചാരണങ്ങൾ നടത്തുകയും ആവശ്യത്തിന് പോഷകഗുണമില്ലാതെ ഉത്പന്നങ്ങൾ വിപണിയിലിറക്കുകയും ചെയ്ത സംഭവത്തിൽ പ്രമുഖ കമ്പനിയായ നെസ്ലെ ഇന്ത്യയ്ക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിയമനടപടി സ്വീകരിച്ചു. മൂന്ന് പ്രധാന ശിശു ഉത്പന്നങ്ങൾക്കെതിരെയാണ് അതോറിറ്റി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
'നാൻ എക്സെല്ല പ്രോ സ്റ്റേജ് 1', 'ലാക്ടോജൻ പ്രോ 1' എന്നീ ഉത്പന്നങ്ങളിൽ എളുപ്പത്തിൽ ദഹിക്കുന്ന 'വേ പ്രോട്ടീൻ', '5 എച്ച്എംഒ' എന്നിവ അടങ്ങിയിട്ടുണ്ടെന്ന ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലെ പരസ്യപ്രചാരണങ്ങളെയാണ് എഫ്.എസ്.എസ്.എ.ഐ പ്രധാനമായും ചോദ്യം ചെയ്തത്. ഇൻഫന്റ് മിൽക്ക് സബ്സ്റ്റിറ്റ്യൂട്ട്സ് ആക്ട് പ്രകാരം ഇത്തരം ഉത്പന്നങ്ങളുടെ വിൽപന കൂട്ടാനായുള്ള പരസ്യപ്രചാരണങ്ങൾക്ക് നിയമപരമായി വിലക്കുണ്ട്.
കൂടാതെ, കുട്ടികൾക്കുള്ള ഫോളോ-അപ്പ് ഫോർമുലാ ഉത്പന്നത്തിൽ നടത്തിയ ലാബ് പരിശോധനയിൽ ജീവകം ബി7 (ബയോട്ടിൻ) അളവ് നിർദ്ദിഷ്ട മാനദണ്ഡങ്ങളേക്കാൾ കുറവാണെന്നും കണ്ടെത്തി.
അതേസമയം, ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ നെസ്ലെ വക്താവ്, കമ്പനിയുടെ എല്ലാ ഉത്പന്നങ്ങളും ലേബലുകളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ വിദഗ്ധ സമിതി അംഗീകരിച്ചതാണെന്ന് വ്യക്തമാക്കി. ലേബലുകളിലുള്ള വിവരങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും അതോറിറ്റിക്ക് കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
cddsds

