വൈദ്യുതി പ്രതിസന്ധി ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നത്തിന് പൂർണ്ണ പരിഹാരമാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിനായി ദീർഘകാല, ഹ്രസ്വകാല കരാറുകൾക്ക് ശ്രമിച്ചുവരികയാണെന്നും നിലവിലെ വൈദ്യുതി നിയന്ത്രണങ്ങൾ ഘട്ടങ്ങളായി കുറച്ചുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
എൻ.ടി.പി.സിയുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും എന്നാൽ 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, സംസ്ഥാനത്ത് ഉടൻ തന്നെ പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്നും കൂട്ടിച്ചേർത്തു.
റിപ്പോർട്ടർ ചാനലിൽ നടന്ന റെയ്ഡ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (S.I.T) നടപടികളുടെ ഭാഗം മാത്രമാണെന്നും വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കൂടാതെ, സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനും അനുമതികൾ വേഗത്തിലാക്കുന്നതിനുമായി 'സരൾ കേരളം' പദ്ധതി നടപ്പിലാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി 19 പ്രസക്ത നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
cfsdfsdsdfs

