എൽ നിനോയുടെ പ്രഹരം: രണ്ടു പതിറ്റാണ്ടിലെ ഏറ്റവും വരണ്ട മൺസൂണിലേക്ക് ഇന്ത്യ
ഷീബ വിജയൻ
ഇന്ത്യയിൽ ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദുർബലമായ നിലയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ദീർഘകാല ശരാശരിയേക്കാൾ 15 ശതമാനം വരെ മഴ കുറഞ്ഞ് മൺസൂൺ സീസൺ അവസാനിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 2009-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മഴയായിരിക്കും ഇത്.
നേരത്തെ 8 ശതമാനം മഴക്കുറവാണ് പ്രവചിച്ചിരുന്നതെങ്കിലും എൽ നിനോ പ്രതിഭാസം ശക്തമാകുന്നത് തിരിച്ചടിയായി. സെപ്റ്റംബറിലും മഴയിൽ ഇരട്ട അക്ക ശതമാനത്തിലുള്ള കുറവുണ്ടാകാൻ സാധ്യതയുണ്ട്.
രാജ്യത്തെ വാർഷിക മഴയുടെ 70 ശതമാനവും നൽകുന്നത് മൺസൂൺ ആയതിനാൽ, മഴക്കുറവ് കാർഷിക മേഖലയ്ക്ക് വലിയ തിരിച്ചടിയാകും. സെപ്റ്റംബറിലെ മഴക്കുറവ് പരുത്തി, സോയാബീൻ, ചോളം, പയർവർഗങ്ങൾ തുടങ്ങിയ വേനൽക്കാല വിളകളെയും ഗോതമ്പ്, റാപ്സീഡ് തുടങ്ങിയ ശൈത്യകാല വിളകൾക്ക് ആവശ്യമായ മണ്ണിലെ ഈർപ്പത്തെയും ബാധിച്ചേക്കാം.
സെപ്റ്റംബറിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശരാശരിയേക്കാൾ കുറഞ്ഞ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ കാലാവസ്ഥാ സംവിധാനങ്ങൾ രൂപപ്പെട്ടില്ലെങ്കിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ മൺസൂൺ പിൻവാങ്ങൽ സാധാരണയേക്കാൾ നേരത്തെ ആരംഭിച്ചേക്കും.
ജൂൺ ഒന്നിന് മൺസൂൺ ആരംഭിച്ചതിനു ശേഷം രാജ്യത്ത് ഇതുവരെ ശരാശരിയേക്കാൾ 13 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. ജൂണിൽ 35.4 ശതമാനം കുറവും ജൂലൈയിൽ 1 ശതമാനം അധിക മഴയും ലഭിച്ചപ്പോൾ ഓഗസ്റ്റിൽ വീണ്ടും മഴ ദുർബലമായി 15 ശതമാനം കുറവ് രേഖപ്പെടുത്തി. സെപ്റ്റംബർ മാസത്തേക്കുള്ള ഔദ്യോഗിക പ്രവചനം ഈ മാസ അവസാനത്തോടെ കാലാവസ്ഥാ വകുപ്പ് പുറത്തുവിടും.
cxdcxadsdsasa

