വിമത എം.പിമാർക്ക് സുപ്രീം കോടതിയുടെ ആഘാതം: 20 പേർക്ക് അയോഗ്യത സംബന്ധിച്ച് നോട്ടീസ്


ഷീബ വിജയൻ

തൃണമൂൽ കോൺഗ്രസ് വിട്ട് നാഷണൽ സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യ (എൻ.സി.പി.ഐ) യിൽ ചേർന്ന 20 ലോക്‌സഭ എം.പിമാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നൽകിയ ഹർജിയിലാണ് ഈ നടപടി. 20 വിമത എം.പിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ ലോക്‌സഭ സ്പീക്കർ തീരുമാനമെടുക്കാതെ വെച്ചുതാമസിപ്പിക്കുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സ്പീക്കർക്ക് നോട്ടീസ് അയക്കുമെന്ന് കോടതി സൂചിപ്പിച്ചെങ്കിലും, സോളിസിറ്റർ ജനറലിന്റെ അഭ്യർഥന മാനിച്ച് ഒഴിവാക്കി. സ്പീക്കർ നോട്ടീസ് അയച്ചതായി സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടിയപ്പോൾ, "ഇത് നോട്ടീസ് അയക്കുന്നതിന്റെ മാത്രം പ്രശ്‌നമല്ല, സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കുന്നതിന്റെ പ്രശ്‌നമാണ്" എന്ന് ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി.

അതിനിടെ, പശ്ചിമ ബംഗാൾ സർക്കാർ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളിൽ അഭിഷേക് ബാനർജിക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നത് കൊൽക്കത്ത ഹൈക്കോടതി തടഞ്ഞു. ബംഗാളിലെ ബി.ജെ.പി സർക്കാർ തനിക്കെതിരെ രജിസ്റ്റർ ചെയ്ത മൂന്ന് എഫ്.ഐ.ആറുകളും രാഷ്ട്രീയ പ്രേരിതമാണെന്നാണ് അഭിഷേക് ഹർജിയിൽ ആരോപിച്ചത്.

അഭിഷേകിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും, നവംബർ 30 വരെയോ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെയോ യാതൊരു നിർബന്ധിത നടപടികളും സ്വീകരിക്കരുതെന്നും ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ഉത്തരവിട്ടു. അഭിഷേക് അന്വേഷണത്തോട് സഹകരിക്കണമെന്നും ചോദ്യം ചെയ്യണമെങ്കിൽ 48 മണിക്കൂർ മുമ്പ് നോട്ടീസ് നൽകണമെന്നും കോടതി നിർദേശിച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന നവംബർ 23-ന് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

article-image

dfsddfsdfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed