ഇന്ത്യ-ബഹ്‌റൈൻ ബന്ധം പുതിയ ഉയരങ്ങളിലേക്ക്
പ്രദീപ് പുറവങ്കര
മനാമ: നയതന്ത്രം, വ്യാപാരം, കോൺസുലാർ സേവനങ്ങൾ, സമുദ്ര സുരക്ഷ എന്നിവയുൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ആഴത്തിലുള്ളതായതായി ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മനാമയിലെ ഇന്ത്യൻ എംബസിയിൽ വെച്ചായിരുന്നു അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ 2026 ജൂലൈ 6, 7 തീയതികളിൽ ബഹ്‌റൈൻ സന്ദർശിച്ചിരുന്നു. സന്ദർശന വേളയിൽ അദ്ദേഹം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനിയുമായി നടത്തിയ ചർച്ചയിൽ പ്രാദേശിക സംഭവവികാസങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും വിഷയമായി.
വ്യാപാരം 1.66 ബില്യൺ ഡോളറിൽ
2025–26 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1.66 ബില്യൺ യു.എസ് ഡോളറിലെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് വ്യാപാരത്തിൽ 1.57 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപം നിലവിൽ ഏകദേശം 2 ബില്യൺ ഡോളറാണ്. ഇരട്ട നികുതി ഒഴിവാക്കൽ കരാറുമായി (Double Taxation Avoidance Agreement) ബന്ധപ്പെട്ട ചർച്ചകളുടെ ആദ്യ ഘട്ടം 2026 ജൂലൈയിൽ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യക്കാർക്കായി ബഹ്‌റൈൻ ഏർപ്പെടുത്തിയ ഇ-വിസ സൗകര്യം ഇപ്പോൾ രണ്ടാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനകം 14 വിഭാഗങ്ങളിലായി 4,651 വിസകൾ ഈ സംവിധാനം വഴി അനുവദിച്ചിട്ടുണ്ട്. ബഹ്‌റൈൻ മാളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോൺസുലാർ സെന്റർ വഴി 2025 ഓഗസ്റ്റ് മുതൽ പാസ്‌പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, ഒ.സി.ഐ കാർഡുകൾ എന്നിവയുൾപ്പെടെ 39,000-ത്തിലധികം അപേക്ഷകൾ പ്രോസസ്സ് ചെയ്തു. കൂടാതെ 2026 ഏപ്രിൽ മുതൽ തത്കാൽ പാസ്‌പോർട്ട് സേവനങ്ങളും പുനരാരംഭിച്ചിട്ടുണ്ട്.
കപ്പൽ സുരക്ഷാ മേഖലയിൽ 2026 ഫെബ്രുവരിയിൽ കമ്പൈൻഡ് ടാസ്‌ക് ഫോഴ്‌സ് 154-ന്റെ (Combined Task Force 154) കമാൻഡ് ഇന്ത്യൻ നാവികസേന ഏറ്റെടുത്തു. ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ചുമതല ലഭിക്കുന്നത്. ഇത് വഴി 25 പങ്കാളിത്ത രാജ്യങ്ങളിലായി 2,200 മണിക്കൂറിലധികം സമുദ്ര സുരക്ഷാ പരിശീലനം നൽകുവാൻ ഇന്ത്യയ്ക്ക് സാധിച്ചു.
യു.എൻ രക്ഷാസമിതി അംഗത്വത്തിനായുള്ള പ്രചാരണം ആരംഭിച്ചു
2028-29 വർഷത്തേക്കുള്ള ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെ (UNSC) താൽക്കാലിക അംഗത്വത്തിനായുള്ള പ്രചാരണത്തിന് ഇന്ത്യ തുടക്കം കുറിച്ചു. ആഗോള ദക്ഷിണ മേഖലയുടെ (Global South) പ്രാതിനിധ്യം ഉറപ്പാക്കൽ, ബഹുരാഷ്ട്ര പരിഷ്കരണങ്ങൾ, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന "ശാന്തി" (SHANTI) നയരൂപരേഖയ്ക്ക് കീഴിലാണ് ഇന്ത്യ ഈ പ്രചാരണം നയിക്കുന്നത്.
േ്ിേ്ി

