സുരക്ഷിതത്വ സൂചികയിൽ ബഹ്‌റൈന് അറബ് ലോകത്ത് നാലാം സ്ഥാനം; ആഗോളതലത്തിൽ പതിനൊന്നാമത്


പ്രദീപ് പുറവങ്കര

മനാമ: ആഗോള ക്രൈം-സേഫ്റ്റി സൂചികയായ 'നുമ്പിയോ'യുടെ (Numbeo) 2026-ലെ മിഡ്-ഇയർ സുരക്ഷിതത്വ സൂചികയിൽ ബഹ്‌റൈന് മികച്ച നേട്ടം. അറബ് ലോകത്ത് നാലാമത്തെയും ആഗോളതലത്തിൽ പതിനൊന്നാമത്തെയും ഏറ്റവും സുരക്ഷിതമായ രാജ്യമായി ബഹ്‌റൈൻ തിരഞ്ഞെടുക്കപ്പെട്ടു. ഗൾഫ് മേഖലയിൽ ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനും ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലൊന്നാണ് തങ്ങളെന്ന് അടിവരയിടുന്നതാണ് ബഹ്‌റൈന്റെ ഈ പുതിയ നേട്ടം.

സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ 100-ൽ 77.7 പോയിന്റാണ് രാജ്യം സ്വന്തമാക്കിയത്. അതേസമയം ബഹ്‌റൈനിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് (ക്രൈം സ്കോർ) 22.3 മാത്രമാണ്. യു.എ.ഇ, ഖത്തർ, ഒമാൻ എന്നീ അറബ് രാജ്യങ്ങൾ മാത്രമാണ് സുരക്ഷിതത്വത്തിൽ ബഹ്‌റൈന് മുന്നിലുള്ളത്.

കഴിഞ്ഞ കുറച്ചുകാലങ്ങളായി ബഹ്‌റൈൻ ഈ പട്ടികയിൽ തുടർച്ചയായ മുന്നേറ്റമാണ് നടത്തുന്നത്. 2024-ൽ 75.2 പോയിന്റുമായി 16-ാം സ്ഥാനത്തായിരുന്ന രാജ്യം, 2025-ലെ മിഡ്-ഇയർ പട്ടികയിൽ 76.2 പോയിന്റോടെ 15-ാം സ്ഥാനത്തേക്ക് ഉയർന്നിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സുരക്ഷിതത്വ സ്കോറിൽ 2.5 പോയിന്റ് വർദ്ധിപ്പിച്ചുകൊണ്ട് അഞ്ച് സ്ഥാനങ്ങളാണ് ബഹ്‌റൈൻ മെച്ചപ്പെടുത്തിയത്. കുറഞ്ഞ കുറ്റകൃത്യ നിരക്കിന് പേരുകേട്ട ജപ്പാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുടെ സുരക്ഷിതത്വ സ്കോറുകളോട് തൊട്ടടുത്താണ് ഇപ്പോൾ ബഹ്‌റൈന്റെ സ്ഥാനമെന്നത് ശ്രദ്ധേയമാണ്.

രാജ്യത്തെ വ്യക്തിഗത സുരക്ഷിതത്വത്തെക്കുറിച്ച് ജനങ്ങൾക്കുള്ള ശക്തമായ ആത്മവിശ്വാസം ഈ സർവേ ഫലങ്ങളിൽ പ്രകടമാണ്. പകൽ സമയങ്ങളിൽ ഒറ്റയ്ക്ക് നടക്കുന്നതിന് 87 പോയിന്റും രാത്രി കാലങ്ങളിൽ ഒറ്റയ്ക്ക് നടക്കുന്നതിന് 76 പോയിന്റും ആളുകളുടെ പ്രതികരണങ്ങളിൽ നിന്ന് ബഹ്‌റൈൻ നേടിയിട്ടുണ്ട്. കൂടാതെ മോഷണം, വാഹന മോഷണം, ആക്രമണങ്ങൾ, വീട് തകർക്കൽ തുടങ്ങിയവയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകൾ വളരെ കുറവാണെന്നും സർവേ വ്യക്തമാക്കുന്നു.

ഔദ്യോഗിക കണക്കുകളും ഈ സുരക്ഷിതത്വത്തെ ശരിവെയ്ക്കുന്നതാണ്. രാജ്യത്ത് കുറ്റകൃത്യങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കുറയുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ 25 വർഷത്തിനിടയിൽ രാജ്യത്തെ ആകെ കുറ്റകൃത്യങ്ങളുടെ നിരക്കിൽ 30 ശതമാനത്തിന്റെ കുറവുണ്ടായതായി പോലീസ് വ്യക്തമാക്കുന്നു. ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്രിമിനൽ കേസുകളിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകൾ 3 ശതമാനത്തിൽ താഴെ മാത്രമാണ്.

ഈ സൂചിക പോലീസ് റെക്കോർഡുകളെക്കാൾ ഉപരി ജനങ്ങളുടെ കാഴ്ചപ്പാടുകളെയും അനുഭവങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, തുടർച്ചയായ പതിപ്പുകളിൽ ബഹ്‌റൈൻ നടത്തുന്ന മുന്നേറ്റം രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed