വ്യാജ വായ്പ അപേക്ഷകൾ: 24 അംഗ തട്ടിപ്പ് സംഘം പിടിയിൽ


പ്രദീപ് പുറവങ്കര

മനാമ: ഇലക്ട്രോണിക് ഫിനാൻസ് കമ്പനിയിൽ നിന്ന് വ്യാജ രേഖകൾ ചമച്ച് കോടിക്കണക്കിന് രൂപയുടെ ധനസഹായം തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പിടികൂടി. ബഹ്‌റൈന് അകത്തും പുറത്തുമായി പ്രവർത്തിച്ചിരുന്ന ഏഷ്യൻ സ്വദേശികളായ 24 പേരാണ് ഈ സാമ്പത്തിക തട്ടിപ്പ് ശൃംഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ റിപ്പോർട്ട് പ്രകാരം, വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ശമ്പള സർട്ടിഫിക്കറ്റുകൾ, കമ്പനികളുടെ വ്യാജ സീലുകൾ എന്നിവ ഉപയോഗിച്ചാണ് ഇവർ വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ചത്. അപേക്ഷകർക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നതിനേക്കാൾ വളരെ ഉയർന്ന ശമ്പളമുണ്ടെന്ന് കാണിക്കുന്ന സാമ്പത്തിക വിവരങ്ങളാണ് ഈ വ്യാജ രേഖകളിൽ ചമച്ചിരുന്നത്. ഇത് വഴി ധനകാര്യ സ്ഥാപനത്തിൽ നിന്ന് എളുപ്പത്തിൽ വായ്പാനുമതി നേടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

തട്ടിപ്പ് സംബന്ധിച്ച പരാതി ലഭിച്ചയുടൻ ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക് ക്രൈം ഇൻവെസ്റ്റിഗേഷൻ വിപുലമായ അന്വേഷണം ആരംഭിച്ചു. രഹസ്യാന്വേഷണ വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയുകയും ബഹ്‌റൈനിൽ തമ്പടിച്ചിരുന്ന സംഘത്തിലെ പ്രധാനികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബാങ്ക് ട്രാൻസ്ഫർ വഴി പണം കൈപ്പറ്റി രേഖകൾ വ്യാജമായി ചമയ്ക്കുന്നതിനും തട്ടിപ്പ് അപേക്ഷകൾ സമർപ്പിക്കുന്നതിനും അറസ്റ്റിലായവർ സഹായിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ സാമ്പത്തിക-വായ്പ മേഖലകൾക്ക് ഭീഷണിയാകുന്ന ഇത്തരം വ്യാജരേഖ ചമയ്ക്കലുകൾക്കും തട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി. നിയമം കർശനമായി നടപ്പാക്കുന്നതിലൂടെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡയറക്ടറേറ്റ് ഊന്നിപ്പറഞ്ഞു.

article-image

sfsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed