അൻസിബയുടെ പരാതി വ്യക്തിവൈരാഗ്യം മൂലം; മൊഴി നൽകി നടൻ ടിനി ടോം
ഷീബ വിജയൻ
കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിന്റെ മൊഴി കടവന്ത്ര പോലീസ് രേഖപ്പെടുത്തി. ടിനി ടോം തനിക്കെതിരെ വർഗ്ഗീയ അധിക്ഷേപം നടത്തിയെന്നും ജിഹാദി എന്ന് വിളിച്ചുവെന്നുമാണ് അൻസിബയുടെ പരാതി. എന്നാൽ അൻസിബയുടെ പരാതി പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് പരാതി നൽകിയതെന്നും ടിനി ടോം പോലീസിന് മൊഴി നൽകി. അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല. സ്റ്റേജ് ഷോയ്ക്കിടെ താനും നീന കുറുപ്പും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു; അതിന് പിന്നാലെയാണ് അൻസിബ പരാതിയുമായി വരുന്നത്. ഇത് വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് എന്നാണ് ടിനി ടോമിന്റെ മൊഴി. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോന്റെ മൊഴിയും കടവന്ത്ര പോലീസ് എടുത്തിരുന്നു. ടിനി ടോം അത്തരത്തിൽ വർഗ്ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ചോ, അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് ടിനി ടോം പറഞ്ഞതിനെക്കുറിച്ചോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നാണ് ശ്വേത കടവന്ത്ര പോലീസിന് നൽകിയ മൊഴി. നീന കുറുപ്പിന്റെയും അൻസിബയുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. അൻസിബ മതം മാറ്റി എന്ന് ആരോപിക്കപ്പെട്ട പ്രൊഡക്ഷൻ കൺട്രോളറുടെ മകന്റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ലക്ഷ്മിപ്രിയക്കെതിരെ അൻസിബ നൽകിയ പരാതി തൃക്കാക്കര പോലീസ് തള്ളിയിരുന്നു. പരാതിയിൽ കഴമ്പില്ല എന്നായിരുന്നു പോലീസിന്റെ റിപ്പോർട്ട്.
asddsa

