മുഖ്യമന്ത്രി നിർണ്ണയത്തിൽ അനിശ്ചിതത്വം: വി.ഡി. സതീശനായി മുറവിളി കൂട്ടി അണികൾ; ബെന്നി ബെഹനാനെ തടഞ്ഞു
ശാരിക l കേരളം
കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനാൽ കോൺഗ്രസ് അണികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രവർത്തകർ കഴിഞ്ഞ ദിവസം ബെന്നി ബെഹനാൻ എം.പി.യെ തടഞ്ഞു. പെരുമ്പാവൂർ മുടിക്കല്ലിൽ ഒരു പൊതുപരിപാടിക്കെത്തിയ എം.പി.യെ യൂത്ത് കോൺഗ്രസ് പ്രവർത്തകരടക്കമുള്ളവർ വളയുകയായിരുന്നു. സതീശനെ പിന്തുണക്കുന്ന കാര്യത്തിൽ എം.പി നിലപാട് വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. തീരുമാനം സതീശന് വിരുദ്ധമാണെങ്കിൽ സംസ്ഥാനവ്യാപകമായി വലിയ പ്രതിഷേധങ്ങൾ അരങ്ങേറുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി. എന്നാൽ, തന്നെ തടഞ്ഞു എന്ന പ്രചാരണം ശരിയല്ലെന്നും പ്രവർത്തകർ വൈകാരികമായി തങ്ങളുടെ വികാരം പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും ബെന്നി ബെഹനാൻ പിന്നീട് പ്രതികരിച്ചു.
ഭരണം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ പത്ത് ദിവസം വൈകുന്നത് വോട്ടർമാർക്കും അണികൾക്കും ഇടയിൽ വലിയ പരിഹാസത്തിന് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോട്ടയത്ത് സതീശനായി ഒരാൾ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കാര്യവും പ്രവർത്തകർ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. ഒടുവിൽ സതീശൻ തന്നെ മുഖ്യമന്ത്രിയാകുമെന്ന് പോലീസ് ഉറപ്പ് നൽകിയാണ് ഇയാളെ പിന്തിരിപ്പിച്ചത്.
അതേസമയം, ജനവികാരം തങ്ങൾക്കൊപ്പമാണെന്ന ഉറച്ച വിശ്വാസത്തിലാണ് വി.ഡി. സതീശനെ പിന്തുണക്കുന്നവർ. നിലവിൽ ആലുവയിലുള്ള വി.ഡി. സതീശൻ വൈകുന്നേരത്തോടെ സ്വന്തം മണ്ഡലമായ പറവൂരിലേക്ക് തിരിക്കും. പ്രഖ്യാപനം വരുമ്പോൾ മണ്ഡലത്തിൽ ഉണ്ടാവാനാണ് അദ്ദേഹത്തിന്റെ തീരുമാനം. എന്നാൽ, ഹൈക്കമാൻഡുമായുള്ള അടുത്ത ബന്ധവും ദേശീയ രാഷ്ട്രീയത്തിലെ സ്വാധീനവും വേണുഗോപാലിന് അനുകൂലമായ ഘടകങ്ങളാണ്. മാറ്റത്തിന്റെ കാറ്റ് വീശണമെന്നാണ് ഈ വിഭാഗം വാദിക്കുന്നത്. മുതിർന്ന നേതാവ് എന്ന നിലയിലും ഭരണരംഗത്തെ പരിചയസമ്പത്തും മുൻനിർത്തി രമേശ് ചെന്നിത്തലക്ക് സാധ്യതയുണ്ടെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വിശ്വസിക്കുന്നു. മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള ഹൈക്കമാൻഡ് ചർച്ചകൾ സങ്കീർണമായി തുടരുകയാണെങ്കിലും, നിർണായകമായ തീരുമാനം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ കോൺഗ്രസ് വൃത്തങ്ങൾ.
ssfsfgg

