ബംഗാളിൽ തെരഞ്ഞെടുപ്പിന് പിന്നാലെ വ്യാപക സംഘർഷം: മൂന്ന് മരണം
ശാരിക l ദേശീയം
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ കോൺഗ്രസ് - ബിജെപി പ്രവർത്തകർ തമ്മിൽ കടുത്ത സംഘർഷം തുടരുന്നു. സംഘർഷങ്ങളിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കൊൽക്കത്ത, ബിർഭം, നോർത്ത് 24 പർഗാനാസ് എന്നിവിടങ്ങളിലാണ് കൊലപാതകങ്ങൾ നടന്നത്. അക്രമ സംഭവങ്ങളിൽ ടിഎംസിയും ബിജെപിയും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു.
അസൻസോൾ ഉൾപ്പെടെയുള്ള മേഖലകളിൽ നിരവധി തൃണമൂൽ ഓഫീസുകൾക്ക് തീയിടുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. റാണിഗഞ്ച്, ബേൺപൂർ തുടങ്ങിയ സ്ഥലങ്ങളിൽ തൃണമൂൽ ഓഫീസുകൾക്ക് കാവി നിറം പൂശിയതായും റിപ്പോർട്ടുകളുണ്ട്. ന്യൂ ടൗണിൽ ബിജെപി പ്രവർത്തകനായ മധു മൊണ്ടൽ ടിഎംസി പ്രവർത്തകരുടെ മർദ്ദനമേറ്റും, ബിർഭുമിൽ ടിഎംസി പ്രവർത്തകനായ അബിർ ഷെയ്ഖ് വെട്ടേറ്റും കൊല്ലപ്പെട്ടു. സംഘർഷാവസ്ഥ പരിഗണിച്ച് പലയിടങ്ങളിലും കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.
അക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ 'സീറോ ടോളറൻസ്' സമീപനം സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. നോർത്ത് 24 പർഗാനാസിൽ പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥർക്കും കേന്ദ്ര സേനാംഗങ്ങൾക്കും വെടിയേറ്റു. കൊൽക്കത്തയിലെയും ഹൗറയിലെയും നിരവധി പാർട്ടി ഓഫീസുകൾ നശിപ്പിക്കപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. ബിജെപി പ്രവർത്തകർ വ്യാപാരികളെ ഭീഷണിപ്പെടുത്തുന്നതായി തൃണമൂൽ ആരോപിക്കുമ്പോൾ, സമാധാനം പാലിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സാമിക് ഭട്ടാചാര്യ പ്രവർത്തകരോട് അഭ്യർത്ഥിച്ചു.
േ്ിേി

