തൃശൂർ പൂരം വെടിക്കെട്ട് നിർമ്മാണത്തിനിടെ വൻ സ്ഫോടനം: മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്
ശാരിക l കേരളം
തൃശൂർ: തൃശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്നതിനിടെ ഉണ്ടായ വൻ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ നാല്പതോളം പേർക്ക് പരിക്കേറ്റു. ഇതിൽ എട്ടു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
കിലോമീറ്ററുകൾ അകലെപ്പോലും പ്രകമ്പനം സൃഷ്ടിച്ച വൻ സ്ഫോടനമാണ് നടന്നത്. സ്ഫോടനത്തെത്തുടർന്ന് വെടിപ്പുര പ്രവർത്തിച്ചിരുന്ന അഞ്ച് കെട്ടിടങ്ങളും പൂർണ്ണമായും തകർന്നു. പാടശേഖരത്തിന് ചുറ്റുമുള്ള മരങ്ങൾ കത്തിനശിക്കുകയും മൃതദേഹാവശിഷ്ടങ്ങൾ ദൂരേക്ക് തെറിച്ചുവീഴുകയും ചെയ്തതായി ദൃക്സാക്ഷികൾ വിവരിക്കുന്നു. ഇപ്പോഴും തുടർസ്ഫോടനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വെടിക്കോപ്പുകൾ ഇനിയും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാൽ ഫയർഫോഴ്സിനും രക്ഷാപ്രവർത്തകർക്കും വെടിപ്പുരയ്ക്ക് സമീപത്തേക്ക് പ്രവേശിക്കുന്നത് വലിയ വെല്ലുവിളിയാണ്.
അടിയന്തര സാഹചര്യം നേരിടാൻ സജ്ജരാകണമെന്ന് ജില്ലാ കളക്ടർ എല്ലാ ആശുപത്രികൾക്കും നിർദ്ദേശം നൽകി. തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയായ മുണ്ടത്തിക്കോട് സതീശൻ ഉൾപ്പെടെയുള്ളവർക്ക് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവർ തൃശൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പ്രദേശത്ത് അതീവ ജാഗ്രത തുടരുകയാണ്.
gvxxg



