ബഹ്‌റൈൻ മന്ത്രിസഭായോഗം: ദേശീയ സുരക്ഷയും പൗരത്വ മാനദണ്ഡങ്ങളും കർശനമാക്കാൻ നിർദ്ദേശം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭായോഗം രാജ്യത്തിന്റെ സുരക്ഷയും പുരോഗതിയും മുൻനിർത്തിയുള്ള നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടു. ഹമദ് രാജാവിന്റെ നിർദ്ദേശാനുസരണം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സമർപ്പിച്ച കർമ്മപദ്ധതികൾ നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും സാമൂഹിക ഐക്യം ദൃഢമാക്കുന്നതിനുമുള്ള വ്യക്തമായ റോഡ് മാപ്പാണ് രാജകീയ നിർദ്ദേശങ്ങളെന്ന് മന്ത്രിസഭ വിലയിരുത്തി.

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവർക്കും രാജ്യദ്രോഹപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാൻ കിരീടാവകാശി മന്ത്രിമാർക്ക് നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി പൗരത്വ നിയമങ്ങളുമായി ബന്ധപ്പെട്ട നിയമപരവും നടപടിക്രമപരവുമായ ചട്ടക്കൂടുകൾ ബന്ധപ്പെട്ട അധികാരികൾ പുനപരിശോധിക്കും. പൗരത്വത്തിന് അർഹരായവരെയും അല്ലാത്തവരെയും കൃത്യമായി വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കും. ദേശീയ സ്വത്വം സംരക്ഷിക്കുന്നതിനും രാജ്യത്തോടുള്ള കൂറും അർപ്പണബോധവും ഉറപ്പാക്കുന്നതിനും പൗരത്വ മാനദണ്ഡങ്ങളിൽ കർശനമായ നിലപാടായിരിക്കും ഇനി സ്വീകരിക്കുക.

ബഹ്‌റൈനും മേഖലയ്ക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു. ശത്രുതാപരമായ നടപടികൾ ഉടനടി അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറന്നു നൽകാനും ഇറാൻ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഒപ്പം, വായ്പാ തിരിച്ചടവുകൾ നീട്ടിവെക്കുന്നതിനും സാമ്പത്തിക ലിക്വിഡിറ്റി ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികളോട് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അനുകൂലമായി പ്രതികരിച്ചതിനെ യോഗം സ്വാഗതം ചെയ്തു.

ആരോഗ്യ മേഖലയിൽ സർക്കാർ ഡോക്ടർമാരുടെ സ്പെഷ്യലൈസേഷൻ ട്രെയിനിംഗിനായുള്ള പുതിയ റെഗുലേഷൻസിനും വിനോദസഞ്ചാര മേഖലയിൽ ഗ്രീസുമായുള്ള സഹകരണത്തിനും യോഗം അംഗീകാരം നൽകി. ഗതാഗത മേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി ഡിജിറ്റൽ-ഓട്ടോമേഷൻ സംവിധാനങ്ങൾ നടപ്പിലാക്കാനും തീരുമാനമായി. ഹോർമുസ് കടലിടുക്കിലെ ഗതാഗത സ്വാതന്ത്ര്യം സംബന്ധിച്ച ഉച്ചകോടി റിപ്പോർട്ടും കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ സന്ദർശന ഫലങ്ങളും മന്ത്രിസഭ അവലോകനം ചെയ്തു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed