കുട്ടികൾക്കെതിരെയുള്ള സൈബർ അതിക്രമങ്ങൾ ബഹ്റൈനിൽ വർദ്ധിക്കുന്നു: നാലര മാസത്തിനിടെ 113 പരാതികൾ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: സൈബർ ഇടങ്ങളിൽ കുട്ടികൾ നേരിടുന്ന സുരക്ഷാ ഭീഷണികൾ വർദ്ധിച്ചു വരുന്നതായി ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അറിയിച്ചു. 2026 ജനുവരി മുതൽ ഏപ്രിൽ 15 വരെയുള്ള ചുരുങ്ങിയ കാലയളവിനുള്ളിൽ 113 പരാതികളാണ് യൂണിറ്റിന് ലഭിച്ചത്.
കുട്ടികളെ ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, കുറ്റവാളികൾ കൂടുതൽ വൈവിധ്യമാർന്ന രീതികളും നൂതന തന്ത്രങ്ങളുമാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രയോഗിക്കുന്നത്. ഇത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മാറുന്ന ഡിജിറ്റൽ സാഹചര്യങ്ങൾക്കനുസരിച്ച് സുരക്ഷാ സംവിധാനങ്ങളും നിയമപരമായ നടപടികളും കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് വ്യക്തമാക്കി. സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങൾ പരിഷ്കരിക്കേണ്ടത് അനിവാര്യമാണ്. ഇത്തരം ഭീഷണികൾക്കെതിരെ രക്ഷിതാക്കളും അധ്യാപകരും അതീവ ജാഗ്രത പാലിക്കണമെന്നും മികച്ച സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
gdfg



