ആശാ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ചു: പാക് ചാനലിന് കാരണംകാണിക്കൽ നോട്ടീസ്
ഷീബ വിജയൻ
മുംബൈ: അന്തരിച്ച ഇന്ത്യൻ സംഗീത ഇതിഹാസം ആശാ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ച് ഗാനങ്ങൾ സംപ്രേക്ഷണം ചെയ്ത പാകിസ്താനിലെ ജിയോ ന്യൂസിനെതിരെ നടപടി. സംഭവത്തിൽ പാക് മാധ്യമ നിയന്ത്രണ അതോറിറ്റി ചാനലിന് കാരണംകാണിക്കൽ നോട്ടീസ് അയച്ചു. ഞായറാഴ്ചയായിരുന്നു സംഗീത ലോകത്തെ കണ്ണീരിലാഴ്ത്തി ആശാ ഭോസ്‌ലെ അന്തരിച്ചത്.
വാർത്ത റിപ്പോർട്ട് ചെയ്ത ജിയോ ന്യൂസ് ആശാജിയുടെ പ്രശസ്തമായ ഗാനങ്ങളും ദൃശ്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ 2018 മുതൽ പാകിസ്താനിൽ നിലനിൽക്കുന്ന ഇന്ത്യൻ ഉള്ളടക്ക നിരോധനം ചാനൽ ലംഘിച്ചുവെന്നാണ് അതോറിറ്റിയുടെ കണ്ടെത്തൽ. ഏപ്രിൽ 27-ന് അധികൃതർ അതോറിറ്റിക്ക് മുന്നിൽ ഹാജരാകണം. വലിയ തുക പിഴയോ ലൈസൻസ് റദ്ദാക്കലോ വരെയുള്ള നടപടികൾ ചാനൽ നേരിടേണ്ടി വന്നേക്കാം.
അതേസമയം, അതോറിറ്റിയുടെ നടപടിക്കെതിരെ ചാനൽ മാനേജിംഗ് ഡയറക്ടർ അസ്ഹർ അബ്ബാസ് രൂക്ഷമായി പ്രതികരിച്ചു. ആശാ ഭോസ്‌ലെയെപ്പോലൊരു വലിയ കലാകാരിയെക്കുറിച്ച് വാർത്ത നൽകുമ്പോൾ അവരുടെ ഗാനങ്ങൾ ഉൾപ്പെടുത്തുന്നത് സ്വാഭാവികമാണെന്നും കലയും അറിവും അതിർത്തികൾക്കുള്ളിൽ തളച്ചിടേണ്ടതല്ലെന്നും അദ്ദേഹം 'എക്സിൽ' കുറിച്ചു. പാകിസ്താൻ സംഗീതജ്ഞരായ നുസ്രത്ത് ഫത്തേ അലി ഖാനോടൊപ്പം പാടുകയും നൂർ ജഹാനെ സഹോദരിയെപ്പോലെ സ്നേഹിക്കുകയും ചെയ്ത ആശാജിയെ രാഷ്ട്രീയക്കണ്ണിലൂടെ കാണരുതെന്നും അബ്ബാസ് ഓർമ്മിപ്പിച്ചു.
ADSDASADSQWES




