കുട്ടികളെ പ്രലോഭിപ്പിച്ച് സൈബർ ചൂഷണം: 32-കാരൻ ബഹ്റൈനിൽ അറസ്റ്റിൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സോഷ്യൽ മീഡിയ വഴി കുട്ടികളെ ചതിയിൽപ്പെടുത്തി ചൂഷണം ചെയ്യാൻ ശ്രമിച്ച മുപ്പത്തിരണ്ടുകാരനെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് പിടികൂടി. ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ കുട്ടികളെ കണ്ടെത്തി അവർക്ക് ആകർഷകമായ സമ്മാനങ്ങളും പണവും വാഗ്ദാനം ചെയ്താണ് ഇയാൾ വലയിലാക്കിയിരുന്നത്.

'മൈ ഗവൺമെന്റ്' ആപ്ലിക്കേഷനിലെ ഇലക്ട്രോണിക് റിപ്പോർട്ടിംഗ് സംവിധാനം വഴി ലഭിച്ച പരാതിയിലാണ് ദ്രുതഗതിയിലുള്ള നടപടിയുണ്ടായത്. പരാതി ലഭിച്ച ഉടൻ തന്നെ സൈബർ വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിലും തെളിവ് ശേഖരണത്തിലുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നേരത്തെ വലയിലായ കുട്ടികൾക്ക് മോശമായ ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് അവരെ സ്വാധീനിക്കാനും അവിഹിത മാർഗങ്ങളിലൂടെ ചൂഷണം ചെയ്യാനുമാണ് ഇയാൾ ശ്രമിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

അറസ്റ്റിലായ പ്രതിക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദ്ദേശിച്ചു. അപരിചിതരായ വ്യക്തികളുമായി ഓൺലൈനിൽ ബന്ധം സ്ഥാപിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കണം. വ്യക്തിഗത വിവരങ്ങളോ ചിത്രങ്ങളോ ആരുമായും പങ്കുവെക്കരുതെന്നും, സംശയാസ്പദമായ രീതിയിൽ ആരെങ്കിലും സമീപിച്ചാൽ ഉടൻ തന്നെ വിവരം അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

article-image

ASSDAASD

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed