ഹോർമുസ് കടലിടുക്കിലെ ഇറാൻ ഭീഷണി: സംയുക്തമായി പ്രതിരോധിക്കാൻ ബഹ്റൈനും ഈജിപ്തും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് തടസ്സമാകുന്ന രീതിയിലുള്ള ഇറാന്റെ ഭീഷണികൾ അവസാനിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സംയുക്തപ്രസ്താവന നടത്തി ബഹ്റൈനും ഈജിപ്തും. ആഗോള വ്യാപാരത്തിനും ഊർജ്ജ വിതരണത്തിനും ഈ തന്ത്രപ്രധാന ജലപാത അതീവ സുപ്രധാനമാണെന്ന് ഇരുരാജ്യങ്ങളും ചൂണ്ടിക്കാട്ടി. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയും തമ്മിൽ മനാമയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിലപാട് സ്വീകരിച്ചത്.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും വിവിധ മന്ത്രാലയ പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ പ്രാദേശിക സുരക്ഷാ വെല്ലുവിളികൾ വിശദമായി ചർച്ച ചെയ്തു. ഹോർമുസ് കടലിടുക്കിലുണ്ടാകുന്ന ഏതൊരു ഇടപെടലും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമങ്ങളുടെയും ലംഘനമാണെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രാദേശികവും അന്താരാഷ്ട്രപരവുമായ ഏകോപിത പരിശ്രമങ്ങൾ വേണമെന്നും അവർ ആവശ്യപ്പെട്ടു.
മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഈജിപ്ത് നൽകുന്ന പിന്തുണയെ ഹമദ് രാജാവ് പ്രശംസിച്ചു. ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ഇരു നേതാക്കളും ശക്തമായി അപലപിച്ചു. ഇത് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് അവർ വിശേഷിപ്പിച്ചു.
രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകളിൽ ബഹ്റൈനും ഈജിപ്തും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനമായി. സന്ദർശനത്തിന്റെ ഭാഗമായി പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി ഹമദ് രാജാവിന് പ്രത്യേക സന്ദേശവും കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ഈ ചർച്ചകൾ സഹായിക്കുമെന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.
eewsew



