വിവിധ വകുപ്പുകളുടെ അടിയന്തര സജ്ജീകരണങ്ങൾ വിലയിരുത്തി ബഹ്‌റൈൻ കിരീടാവകാശി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളും അത്യാവശ്യ സേവനങ്ങളുടെ ലഭ്യതയും വിലയിരുത്തുന്നതിനായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വിവിധ മന്ത്രാലയങ്ങളിലെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഉൾപ്പെടെയുള്ള പ്രമുഖ മന്ത്രിമാരാണ് ചർച്ചയിൽ പങ്കെടുത്തത്.
ഇറാൻ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും നിയമപാലന സംവിധാനങ്ങളെക്കുറിച്ചും കിരീടാവകാശി വിശദമായ റിപ്പോർട്ട് തേടി. ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ നിർദ്ദേശാനുസരണം രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ വെല്ലുവിളികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ മേഖലയിലെ തയ്യാറെടുപ്പുകളെക്കുറിച്ചും യോഗം വിലയിരുത്തി. ഏത് അടിയന്തര സാഹചര്യത്തിലും മെഡിക്കൽ സേവനങ്ങളും ആശുപത്രി പ്രവർത്തനങ്ങളും പൂർണ്ണതോതിൽ ലഭ്യമാക്കാൻ മെഡിക്കൽ സംഘം സജ്ജമാണെന്ന് ഉറപ്പുവരുത്തി. വിപണിയിലെ ഭക്ഷ്യശേഖരവും അവശ്യസാധനങ്ങളുടെ ലഭ്യതയും അദ്ദേഹം പ്രത്യേകം പരിശോധിച്ചു. വിതരണ ശൃംഖലയിൽ തടസ്സങ്ങളില്ലെന്ന് ഉറപ്പാക്കാനും കരിഞ്ചന്തയും വിലക്കയറ്റവും തടയാനും കർശന നിരീക്ഷണം നടത്താൻ നിർദ്ദേശം നൽകി.
മുനിസിപ്പൽ സേവനങ്ങളെക്കുറിച്ചും വിവിധ ഗവർണറേറ്റുകളിൽ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും അദ്ദേഹം വിലയിരുത്തി. വിവിധ സർക്കാർ ഏജൻസികൾ ഏകോപനത്തോടെ പ്രവർത്തിക്കേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനുമാണ് പ്രഥമ പരിഗണനയെന്നും സർക്കാർ സ്ഥാപനങ്ങൾ പൂർണ്ണ സജ്ജമാണെന്നും കിരീടാവകാശി വ്യക്തമാക്കി. ഏത് പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രിമാരും കൂടിക്കാഴ്ചയിൽ ഉറപ്പുനൽകി.


