ബഹ്‌റൈനിൽ പുതുക്കിയ ഇന്ധനവില ഇന്ന് മുതൽ പ്രാബല്യത്തിൽ
പ്രദീപ് പുറവങ്കര / മനാമ:
ബഹ്‌റൈനിൽ പുതുക്കിയ ഇന്ധന നിരക്കുകൾ ഇന്ന് (ഡിസംബർ 30) മുതൽ പ്രാബല്യത്തിൽ വന്നു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള സമിതിയുടെ യോഗത്തിന് ശേഷമാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്.
പുതുക്കിയ നിരക്കുകൾ പ്രകാരം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 265 ഫിൽസും, പ്രീമിയം 95 ന് 235 ഫിൽസും, റെഗുലർ 91 ന് 220 ഫിൽസും ആയിരിക്കും. ഡീസലിന് ലിറ്ററിന് 200 ഫിൽസാണ് പുതുതായി നിശ്ചയിച്ചിട്ടുള്ള വില.
അതേസമയം, രാജ്യത്തെ മത്സ്യത്തൊഴിലാളികൾക്ക് നിലവിൽ നൽകിവരുന്ന ഡീസൽ സബ്‌സിഡിയിൽ മാറ്റമുണ്ടാകില്ലെന്ന് സമിതി അറിയിച്ചു. മത്സ്യബന്ധന മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സബ്‌സിഡി ആനുകൂല്യങ്ങൾ മുൻപത്തെപ്പോലെ തന്നെ തുടരും. വിലവർദ്ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ വൈകീട്ട് പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു.
