"അതിജീവിതയ്ക്കൊപ്പം", ദിലീപിനെ തിരിച്ചെടുക്കുന്നതിൽ ചർച്ച നടന്നിട്ടില്ലെന്ന് 'അമ്മ'
ശാരിക / കൊച്ചി
നടിയെ ആക്രമിച്ച കേസിൽ കോടതി വിധി വന്നതിന് പിന്നാലെ ഏറെ നാളത്തെ മൗനം വെടിഞ്ഞ് താരസംഘടനയായ 'അമ്മ' രംഗത്ത്. തങ്ങൾ അതിജീവിതയ്ക്കൊപ്പമാണെന്നും, നടൻ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും 'അമ്മ' പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കി. വിധി വരാൻ കാത്തിരിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് പ്രതികരിക്കാൻ വൈകിയതെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്നത് അടിയന്തര മീറ്റിംഗ് ആയിരുന്നില്ലെന്നും, ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ചർച്ചകൾ ഉണ്ടായിട്ടില്ലെന്നും ശ്വേത അറിയിച്ചു. "ഞങ്ങൾ അവൾക്കൊപ്പമാണ്. മൂന്നാഴ്ച മുമ്പേ തീരുമാനിച്ച മീറ്റിംഗാണ് നടന്നത്. ചേർന്നത് അടിയന്തര യോഗമല്ല. മറ്റ് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. മാധ്യമ വാർത്തകൾ തെറ്റാണ്. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടന്നിട്ടില്ല. അങ്ങനെ ആരും അഭിപ്രായം പോലും പറഞ്ഞിട്ടില്ല. ഒന്നും എടുത്തുചാടി ചെയ്യില്ല," ശ്വേത മേനോൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
എട്ട് വർഷത്തെ പോരാട്ടമായിരുന്നു അതിജീവിതയുടേത്. അവൾ എല്ലാവർക്കുമുള്ള വലിയൊരു ഉദാഹരണമാണ്. ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത അപ്പീലിന് പോകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും, താനായിരുന്നു ആ കുട്ടിയുടെ സ്ഥാനത്തെങ്കിൽ അപ്പീൽ പോകുമായിരുന്നുവെന്നും ശ്വേത കൂട്ടിച്ചേർത്തു.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയ വിധിയെക്കുറിച്ച് 'അമ്മ' പ്രതികരിച്ചിരുന്നില്ല. കുറ്റവിമുക്തനായതിനെ തുടർന്ന് ദിലീപ് 'അമ്മ', ഫെഫ്ക തുടങ്ങിയ സംഘടനകളിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന വാർത്തകൾക്കിടയിലാണ് അങ്ങനെയൊരു തീരുമാനം സ്വീകരിച്ചിട്ടില്ലെന്ന് പ്രസിഡന്റ് തന്നെ പ്രതികരിച്ചിരിക്കുന്നത്.
sfgdsfg
