‘ധും ധലാക്ക’യുടെ പുതിയ പതിപ്പിന് ബഹ്റൈനിൽ അരങ്ങൊരുങ്ങുന്നു
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ മലയാളികളുടെ വാർഷിക നൃത്ത സംഗീത വിരുന്നായി മാറിയ ‘ധും ധലാക്ക’യുടെ പുതിയ പതിപ്പിന് അരങ്ങൊരുങ്ങുന്നു. കേരളീയ സമാജം എന്റർടൈൻമെന്റ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ധും ധലാക്ക സീസൺ 7 ഡിസംബർ 16-ന് അരങ്ങേറും.
പ്രശസ്ത പിന്നണി ഗായകരും സ്റ്റാർ സിംഗർ താരങ്ങളുമായ അരവിന്ദ് ദിലീപ് നായർ, ശ്വേത അശോക്, ശ്രീരാഗ് ഭരതൻ എന്നിവർ അവതരിപ്പിക്കുന്ന സംഗീത നിശയാണ് ധും ധലാക്കയുടെ പ്രധാന ആകർഷണം. അതോടൊപ്പം, ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ ഇരുന്നൂറിലധികം കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന നൃത്താവിഷ്കാരങ്ങളും അരങ്ങേറും.
കലാവിഭാഗം കൺവീനർ ദേവൻ പാലോടാണ് പരിപാടിയുടെ ഏകോപനം നിർവഹിക്കുന്നത്. സമാജത്തിന്റെ വാർഷിക കലണ്ടറിലെ ഏറ്റവും ശ്രദ്ധേയമായ നൃത്ത സംഗീത പരിപാടിയായ ധും ധലാക്ക കാണുന്നതിന് പ്രവേശനം സൗജന്യമായിരിക്കുമെന്നും, ബഹ്‌റൈനിലെ എല്ലാ കലാസ്വാദകരെയും സ്വാഗതം ചെയ്യുന്നതായും സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.
sfsdf
