കുവൈത്തിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീന് ഹോട്ടൽ തിരഞ്ഞെടുക്കാനുള്ള അവകാശം യാത്രികർക്ക്

കുവൈത്ത് സിറ്റി: ഈ മാസം 21 മുതൽ പ്രാബല്യത്തിൽ വരുന്ന ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീന് ഹോട്ടലുകൾ തിരഞ്ഞെടുക്കാനുള്ള അവകാശം യാത്രക്കാർക്കെന്ന് അധികൃതർ. കുവൈത്തിൽ എത്തുന്ന സ്വദേശികൾക്കും വിദേശികൾക്കും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിർബന്ധമാണ്. ഒരാഴ്ചത്തെ ഹോട്ടൽ വാസത്തിനു ശേഷം ഒരാഴ്ച ഹോം ക്വാറൻറീനും നിർബന്ധം. 3,4,5 സ്റ്റാർ ഹോട്ടലുകളിലാകും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ. ഹോട്ടൽ നിരക്ക് നിർണയിച്ചിട്ടില്ല. എന്നാൽ അമിതമാകരുതെന്ന് നിർദേശമുണ്ട്. കുവൈത്തിൽ എത്തുന്നതിന് മുൻപ് ഹോട്ടൽ തീരുമാനിക്കണം. വാടകയും മുൻകൂട്ടി നൽകണം. ഉപയോഗിച്ചില്ലെങ്കിൽ തുക തിരിച്ച് നൽകുന്നതുമല്ല. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീന് യാത്രക്കാരൻ സൗകര്യം ഏർപ്പെടുത്തിയെന്ന് വിമാന കന്പനികൾ ഉറപ്പാക്കണം. ക്വാറൻറീനിൽ കഴിയുന്നവർക്ക് ഭക്ഷണം മുറികളിൽ എത്തിക്കണം. അടച്ച കണ്ടെയ്നറുകളിലാകണം ഭക്ഷണവിതരണം. ആരോഗ്യസംരക്ഷണ നിർദേശങ്ങൾ പാലിച്ചാകണം പ്രവർത്തനം എന്നത് ഹോട്ടലുകളുടെ ഉത്തരവാദിത്തമാണ്.