കുവൈത്ത് എയർവെയ്സ് വിദേശികളായ 1500 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് എയർവെയ്സ് വിദേശികളായ 1500 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കൊറോണ പ്രതിരോധത്തിൻറെ ഭാഗമായി സർവീസുകൾ നിർത്തലാക്കിയതിന് പുറമെ സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമായി കൂടിയാണ് നടപടിയെന്നാണ് വിവരം. 6000 ഓളം ജീവനക്കാരാണ് കുവൈത്ത് എയർവെയ്സിൽ മൊത്തമായുള്ളത്. 500 ഓളം പൈലറ്റുമാരിൽ ഭൂരിപക്ഷവും സ്വദേശികളാണ്. 1300 എയർഹോസ്റ്റസുമാരിൽ ഭൂരിപക്ഷവും വിദേശികളും.
മാനേജ്മെൻറിലെ ഉന്നത തല സമിതിയും യൂണിയൻ പ്രതിനിധികളും ഉൾപ്പെട്ട ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് വിവരം. സ്വദേശികൾ, ജിസിസി രാജ്യങ്ങളിൽനിന്നുള്ളവർ, സ്വദേശികളെ വിവാഹം ചെയ്ത വിദേശികൾ എന്നിവരെ പിരിച്ചുവിടൽ പട്ടികയിൽ ഉൾപ്പെടുത്തില്ല.
ഓരോ വിഭാഗത്തിലും ആവശ്യമായ ജീവനക്കാരുടെ സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാകും പിരിച്ചുവിടൽ പട്ടിക.
ആഗോളതലത്തിൽ വിമാന കമ്പനികൾ നഷ്ടം നേരിടുന്ന സാഹചര്യമാണുള്ളതെന്നാണ് കണക്ക്. 314 ബില്യൻ ഡോളറാണ് ആഗോളാടിസ്ഥാനത്തിൽ കണക്കാക്കുന്ന നഷ്ടം. മധ്യപൂർവദേശത്ത് അത് 24ബില്യൻ ഡോളറാണ്. 12 ലക്ഷം ജീവനക്കാരെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും.