ഇന്ത്യ-കു­വൈ­ത്ത് ഗാ­ർ­ഹി­കത്തൊ­ഴി­ലാ­ളി­ കരാ­റി­ന്റെ­ കരടിന് അംഗീ­കാ­രം


കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഗാർഹിക തൊഴിലാളി കരാറിന്റെ കരടിന് അംഗീകാരമായി. ഇന്ത്യ- കുവൈത്ത് സംയുക്ത ഗ്രൂപ്പിന്റെ ആറാം യോഗത്തിൽ കരട് കരാർ ഇരുരാജ്യങ്ങളും അംഗീകരിച്ചു. 2014മുതൽ തീരുമാനമാകാത്ത നിലയിലായിരുന്നു കരാർ. 

വിവിധ മേഖലകളിൽ നടപ്പാക്കിയ കരാറുകളിൽ രണ്ടു വിഭാഗവും സം‌തൃപ്തി രേഖപ്പെടുത്തി. കോൺസുലർ അഫയേഴ്സ് വിഭാഗം അസിസ്റ്റന്റ് വിദേശകാര്യമന്ത്രി സാമി അൽ ഹമദ് ആണ് കുവൈത്ത് സംഘത്തെ നയിച്ചത്. വിദേശകാര്യമന്ത്രാലയത്തിലെ പ്രവാസികാര്യ വിഭാഗം ജോ.സെക്രട്ടറി മനീഷ് ഗുപ്ത, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് എം.സി.ലൂതർ, ഇന്ത്യൻ സ്ഥാനപതി കെ.ജീവസാഗർ, ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാജഗോപാൽ സിങ്, ലേബർ സെക്രട്ടറി യു.എസ് സിബി, ലേബർ അറ്റാഷെ അനിത ചത്‌പലിവാർ എന്നിവരാണ് ഇന്ത്യൻ സംഘത്തിൽ ഉണ്ടായിരുന്നത്.

കുവൈത്തിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങൾ രണ്ടുദിവസങ്ങളിലായി വിവിധ തലങ്ങളിൽ ചർച്ചചെയ്‌തു. വിദേശ എൻ‌ജിനീ
യർമാരുടെ ഇഖാമ പുതുക്കുന്നതിന് ഏർപ്പെടുത്തിയ വ്യവസ്ഥകൾ കാരണം ഇന്ത്യൻ എൻ‌ജിനീയർമാർ നേരിടുന്ന പ്രശ്നങ്ങൾ, കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് ഇന്ത്യയിൽ സർക്കാർ ഏജൻസികൾ വഴി നേരിട്ടു നഴ്സിംങ് റിക്രൂട്മെന്റിനുള്ള സാധ്യത, തൊഴിൽ കരാർ നവീകരണം, വൈദഗ്ധ്യം കൈമാറൽ, വിവിധ തല
ങ്ങളിൽ ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്‌തവയിൽ ഉൾപ്പെടും. ആശാവഹമായ സമീപനമാണു യോഗത്തിൽ ഉണ്ടായതെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു.

ന്യൂഡൽഹിയിൽ നടന്ന അഞ്ചാമത് യോഗത്തിന്റെ മിനിറ്റ്സ് യോഗം അംഗീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി ഉറപ്പിക്കുംവിധമുള്ളതായിരുന്നു ചർച്ചകളെന്നു കുവൈത്ത് വിദേശമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

You might also like

Most Viewed