പൊ­തു­മാ­പ്പ് പ്രയോ­ജനപ്പെ­ടു­ത്തി­യത് മൂ­ന്നി­ലൊ­ന്ന് നി­യമലംഘകർ മാ­ത്രം


കുവൈത്ത് സിറ്റി : രാജ്യത്ത് പൊതുമാപ്പ് ആനുകൂല്ല്യം പ്രയോജനപ്പെടുത്തിയത് മൂന്നിലൊന്ന് നിയമലംഘകർ മാത്രമെന്ന് റിപ്പോർട്ട്. പൊതുമാപ്പ് ആരംഭിച്ച ജനുവരി 24 മുതൽ  മാർച്ച് 22 വരെ യുള്ള കണക്കാണിത്. ഇക്കാലയളവിൽ 30052 പേർ പിഴയൊന്നും അടയ്ക്കാതെ രാജ്യംവിട്ടുപോയെന്നും 16665 പേർ പിഴയടച്ച് ഇഖാമ സാധുതയുള്ളതാക്കിയെന്നും താമസാനുമതികാര്യ വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽ മറാഫി അറിയിച്ചു. 

പൊതുമാപ്പ് പ്രഖ്യാപിച്ച ജനുവരി 24നു രാജ്യത്തുണ്ടായിരുന്ന അനധികൃത താമസക്കാരുടെ എണ്ണം 155181 ആയിരുന്നു. അവശേഷിക്കുന്നവർ പൊതുമാപ്പ് അവസാനിക്കുന്ന ഏപ്രിൽ 22ന് അകം അവസരം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പൊതുമാപ്പ് കാലാവധി ഒരുകാരണവശാലും നീട്ടില്ല. മാനുഷിക പരിഗണനവച്ചുമാത്രമാണ് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹ് പൊതുമാപ്പു പ്രഖ്യാപിച്ചതെന്നും തലാൽ അൽ മറാഫി പറഞ്ഞു. 

അനധികൃത താമസക്കാർക്കെതിരെ കർശന നടപടികളാണ് ആഭ്യന്തരമന്ത്രാലയം ആവിഷ്കരിക്കുന്നത്. വിവിധ വകുപ്പുകളെ സഹകരിപ്പിച്ച് അനധികൃത താമസക്കാർക്കെതിരെ പരിശോധനയും നടപടിയും ശക്തമാക്കും. എല്ലാ മേഖലയിലും രാപകൽ ഭേദമെന്യേ പരിശോധനയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. നിശ്ചിത കാലാവധിക്കുള്ളിൽ പൊതുമാപ്പു പ്രയോജനപ്പെടുത്താൻ തങ്ങളുടെ പൗരന്മാർക്കു നിർദ്ദേശം നൽകണമെന്നു കുവൈത്തിൽ പ്രവർത്തിക്കുന്ന വിദേശ എംബസി അധികൃതരോടും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം പൊതുമാപ്പ് കാലാവധി അവസാനിക്കാൻ വെറും നാല് ആഴ്ചകൾ മാത്രം അവശേഷിക്കെ അനധികൃത താമസക്കാരെ കണ്ടെത്താൻ‍ ശക്തമായ പരിശോധന ആരംഭിച്ചു. ഏപ്രിൽ 22നാണ് പൊതുമാപ്പ് കാലാവധി അവസാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് പോലീസ് റെയ്ഡ് ഊർജ്ജിതമാക്കിയത്. ഏപ്രിൽ 22ന് ശേഷം സമഗ്രമായ പരിശോധന ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനനടത്തിയ പോലീസ് നിരവധി പേരെയാണ് പിടികൂടിയത്. ഏപ്രിൽ 22 കഴിഞ്ഞാൽ രാജ്യത്തിന്റെ മുക്കുമൂലകളിൽ പഴുതടച്ചുള്ള പരിശോധനയുണ്ടാവുമെന്നും എവിടെയും ഒളിച്ചുകഴിയാൻ അനുവദിക്കില്ലെന്നും അധികൃതർ‍ മുന്നറിയിപ്പ് നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed