ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ സഹായമൊരുക്കി കുവൈത്ത് ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി : പൊതുമാപ്പ് പ്രയോജന പ്പെടുത്തുന്നവരുടെ തിരക്കേറുന്നതിനിടെ, ഗാർഹികത്തൊഴിൽ വിസയിലുള്ള (വിസ നന്പർ 20) അനധികൃത താമസക്കാർക്ക് അധിക സേവനവുമായി ഇന്ത്യൻ എംബസി. ഈ വിഭാഗത്തിൽപ്പെട്ടവർക്കുള്ള എമർജൻസി സർട്ടിഫിക്കറ്റ് താമസാനുമതി കാര്യാലയത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽനിന്ന് ആവശ്യമായ മുദ്ര പതിച്ച ശേഷം ബന്ധപ്പെട്ട വ്യക്തിക്കു നൽകുന്ന സംവിധാനമാണ് നടപ്പാക്കുന്നത്.
മറ്റുവിഭാഗങ്ങളിൽ പെട്ടവർ എംബസിയിൽ നിന്ന് എമർജൻസി സർട്ടിഫിക്കറ്റ് സന്പാദിച്ചശേഷം ഇമിഗ്രേഷൻ കാര്യാലയത്തിൽ നേരിട്ടെത്തി മുദ്ര പതിപ്പിച്ച ശേഷം വേണം നാട്ടിലേക്ക് യാത്ര തിരിക്കാൻ. എന്നാൽ ഗാർഹികത്തൊഴിലാളികളുടെ കാര്യത്തിൽ ഇന്ത്യൻ എംബസി സ്വീകരിച്ച നടപടി ആയിരക്കണക്കിന് പേർക്ക് ആശ്വാസമാകും. ആദ്യദിവസം അഞ്ഞൂറിലേറെ എമർജൻസി സർട്ടിഫിക്കറ്റുകൾ ഇമിഗ്രേഷൻ ഓഫീസിലെ മുദ്ര പതിപ്പിച്ച ശേഷം എംബസിയിൽ തിരിച്ചെത്തിച്ചു.
ഇന്നലെ ആയിരത്തോളം സർട്ടിഫിക്കറ്റുകൾ എമിഗ്രേഷൻ ഓഫീസിൽ എംബസി നേരിട്ട് എത്തിച്ചു. തിരിച്ചെത്തുന്ന മുറയ്ക്ക് അവ ഉടമസ്ഥർക്ക് എംബസിയിൽ നിന്ന് നൽകിത്തുടങ്ങും. ഇമിഗ്രേഷൻ മുദ്ര പതിപ്പിച്ച എമർജൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ അവർക്ക് നേരിട്ട് വിമാനത്താവളത്തിലേക്ക് പോകാൻ സാധിക്കും. മൂന്ന് ഷിഫ്റ്റുകളിലായാണ് എംബസി ജീവനക്കാരും സന്നദ്ധ സംഘടനാ പ്രവർത്തകരും പ്രവർത്തിക്കുന്നത്.
27000ൽ കൂടുതൽ ഇന്ത്യക്കാർ അനധികൃത താമസക്കാരായുണ്ടെന്നാണ് കണക്ക്. അതേസമയം എമർജൻസി സർട്ടിഫിക്കറ്റിനായി ഇതുവരെ ലഭിച്ചത് ഏഴായിരത്തോളം അപേക്ഷകൾ മാത്രമാണെന്നത് അധികൃതരെ കുഴയ്ക്കുന്നുണ്ട്. ജനന സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത കുട്ടികൾക്കു വേണ്ടി എമർജൻസി സർട്ടിഫിക്കറ്റിനായി അപേക്ഷ ലഭിക്കുന്നതായും വിവരമുണ്ട്. അത്തരം അപേക്ഷകളിൽ തീരുമാനമെടുക്കാനുള്ള പ്രയാസം എംബസി അധികൃതർക്കുണ്ട്.
അതേസമയം ഖറാഫി നാഷനലിൽ ദുരിതത്തിലായ ഇന്ത്യൻ തൊഴിലാളികളിൽ അഞ്ഞൂറിലധികം പേരെ വിമാന ടിക്കറ്റും വഴിച്ചെലവിനുള്ള സാന്പത്തിക സഹായവും നൽകി ഇന്ത്യൻ എംബസി നാട്ടിലേക്ക് തിരിച്ചയച്ചു. ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് കന്പനിയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിന് മാൻപവർ പബ്ലിക് അതോറിറ്റിയുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചുവരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു.