കുവൈത്ത് തൊഴിൽ മന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം തള്ളി
കുവൈത്ത് സിറ്റി : തൊഴിൽ − സാമൂഹിക, സാന്പത്തികകാര്യ മന്ത്രി ഹിന്ദ് അൽ സബീഹിനെതിരായ അവിശ്വാസ പ്രമേയം പാർലിമെന്റ് വോട്ടിനിട്ടു തള്ളി. സഭയിൽ ഹാജരുണ്ടായിരുന്ന 45 അംഗങ്ങളിൽ 29 പേർ അവിശ്വാസ പ്രമേയത്തെ എതിർത്തു. 13 പേർ അനുകൂലിച്ചപ്പോൾ മൂന്ന് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. മന്ത്രിക്കെതിരെ കഴിഞ്ഞാഴ്ച നടത്തിയ കുറ്റവിചാരണയുടെ തുടർച്ചയായാണ് 10 അംഗങ്ങൾ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയത്.
നിയമാനുസൃതം ഏഴുദിവസത്തിനുശേഷം ഇന്നലെ പാർലമെന്റ് സമ്മേളിച്ച് അവിശ്വാസപ്രമേയം ചർച്ച യ്ക്കെടുക്കുകയായിരുന്നു. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് രണ്ടുപേർക്കും എതിർക്കുന്ന വിഭാഗത്തിനുവേണ്ടി രണ്ടു പേർക്കും വിശദീകരണത്തിന് അവസരം നൽകിയ ശേഷമായിരുന്നു വോട്ടെടുപ്പ്. കുറ്റവിചാരണയ്ക്കു മറുപടി പറയവെ മന്ത്രി ഹിന്ദ് അൽ സബീഹ് ആരോപണങ്ങളൊന്നും നിഷേധിച്ചിട്ടില്ലെന്ന് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച ഷുഐബ് അൽ മുവൈസിരി എം.പി പ്രസ്‌താവിച്ചു.
ആരോപണങ്ങൾ നിഷേധിക്കുന്നതിനു പകരം മന്ത്രാലയവുമായി ബന്ധപ്പെട്ട ചില സ്ഥിതിവിവരക്കണക്കുകൾ വിശദീകരിക്കുക മാത്രമാണു മന്ത്രി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷി സർട്ടിഫിക്കറ്റ് സംബന്ധിച്ച് ആയിരക്കണക്കിനു പരാതികളുണ്ടെന്നു കുറ്റവിചാരണ സമയത്ത് മന്ത്രി വെളിപ്പെടുത്തിയിരുന്നു. എന്നാൽ 38 എണ്ണം മാത്രമാണു നിയമനടപടിക്കായി അയച്ചതെന്നും മന്ത്രി പറഞ്ഞു. ഇത് അന്പരപ്പിക്കുന്ന സമീപനമാണെന്നു ഷുഐബ് പറഞ്ഞു. അതേസമയം വ്യാജ സർട്ടിഫിക്കറ്റ് സംബന്ധിച്ച് 1500 കേസുകളിൽ നടപടി ഉണ്ടായെന്ന് അവിശ്വാസപ്രമേയത്തെ എതിർത്ത റകാൻ അൽ നസീഫ് എം.പി പറഞ്ഞു.
താമസാനുമതിരേഖാ നിയമം ലംഘിച്ച 200 കന്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മന്ത്രി ഹിന്ദ് അൽ സബീഹ് തയ്യാറായെന്നും അദ്ദേഹം പറഞ്ഞു. ഷുഐബ് അൽ മുവൈസരി, സാലെ അൽ അഷൂർ, ആദിൽ അൽ ദംഖി, അബ്ദുൽകരീം അൽ കന്ദരി, മുഹമ്മദ് ഹായിഫ്, ഹുമൈദ് അൽ സുബൈഇ, ഖാലിദ് അൽ ഉതൈബി, മുബാറക് അൽ ഹജ്‌റഫ്, നായിഫ് അൽ മിർദാസ്, അബ്ദുല്ല അൽ ഫഹദ് എന്നിവരാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
അതേസമയം തെറ്റുകളും അസന്തുലനവും തിരുത്തി പരിഷ്കരണ നടപടികൾ തുടരുമെന്ന് സാമൂഹിക−തൊഴിൽ, സാന്പത്തികകാര്യ മന്ത്രി ഹിന്ദ് അൽ സബീഹ് പ്രസ്താവിച്ചു. മനുഷ്യർ എന്ന നിലയിൽ ആർക്കും തെറ്റ് പറ്റാം. എന്നാൽ അത്തരം തെറ്റുകൾ സമ്മതിക്കുകയും തിരുത്തുകയും ചെയ്യുക എന്നതാണു പ്രധാനമെന്ന് പാർലിമെന്റിലെ അവിശ്വാസ പ്രമേയം തള്ളിയ ശേഷം അവർ വാർത്താലേഖകരോട് പറഞ്ഞു.
ഒട്ടേറെ സ്ഥാപനങ്ങൾ ഉൾപ്പെട്ട സംവിധാനമാണ് രാജ്യം. എല്ലാ സ്ഥാപനങ്ങൾക്കും നിശ്ചയിക്കപ്പെട്ട ജോലികൾ നിരീക്ഷിക്കപ്പെടുന്നുണ്ട്. മന്ത്രി മുതൽ താഴെത്തട്ടിലുള്ള ജീവനക്കാരൻ വരെ നിരീക്ഷണ വിധേയരുമാണ്. അഴിമതി തടയുന്നതിനുള്ള ശക്തമായ നടപടികൾ തുടരും. ഒപ്പം മെച്ചപ്പെട്ട സേവനവും ഉറപ്പാക്കും. ജനങ്ങളുടെ സ്ഥാപനം എന്നതാണ് ആപ്തവാക്യം. അല്ലാതെ സ്ഥാപനവൽക്കരണം എന്നതല്ല. കുറ്റവിചാരണ കാരണം തന്റെ അധികാര പരിധിയിലെ ജീവനക്കാരുടെ പ്രവർത്തന മികവ് വെളിപ്പെടുത്താൻ അവസരം ലഭ്യമായി എന്ന് മന്ത്രി പറഞ്ഞു.