പ്രവർത്തിക്കാത്ത സ്ഥാപനങ്ങളുടെ പേരിലുള്ള വിസാകച്ചവടങ്ങൾ തകൃതി
രാജീവ് വെള്ളിക്കോത്ത്
മനാമ : ബഹ്‌റൈനിൽ പ്രവർത്തനമില്ലാത്തതും എന്നാൽ രേഖകളിൽ പ്രവർത്തനമുള്ളതുമായി കാണിച്ചുമുള്ള സ്ഥാപനങ്ങളുടെ പേരിലുള്ള വിസാ കച്ചവടങ്ങൾ ഇപ്പോഴും സജീവമായി നടക്കുന്നു. നേരത്തെ ഫ്രീ വിസ എന്ന പേരിൽ നടന്നിരുന്ന ഇത്തരം കച്ചവടങ്ങൾ ഫ്ളക്സി പെർമിറ്റ് സംവിധാനം വന്നതോടെ കുറഞ്ഞിരുന്നുവെങ്കിലും വീണ്ടും ഇത് സജീവമായിരിക്കുകയാണ്. ആറ് മാസമെങ്കിലും അനധികൃതമായി താമസിക്കുന്നവർക്ക് മാത്രമാണ് ഫ്ളക്സിബിൾ പെർമിറ്റ് അനുവദിക്കുന്നത്. ഇത് മുതലെടുത്താണ് ഫ്രീ വിസാ വ്യാപാരം കൊഴുക്കുന്നത്.
ബഹ്‌റൈനിൽ മുൻപ് ജോലി ചെയ്തതും ഇപ്പോൾ നാട്ടിൽ പോയിട്ടുള്ളവരുമായവരെയാണ് വിസാ ഏജന്റുമാർ വലയിലാക്കുന്നത്. ഫസ്റ്റ് ക്ലാസ് റെസ്റ്റോറന്റ് മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളിൽ ഭൂരിഭാഗവും ഫ്രീ വിസക്കാരാണ്. ആയിരം ദിനാർ മുതൽ രണ്ടായിരം ദിനാർ വരെ ഈടാക്കിയാണ് ഇവർക്ക് വിസ നൽകുന്നത്. സ്വദേശികളിൽ നിന്നും കന്പനി ഏറ്റെടുത്ത് നടത്തുന്ന മലയാളികളാണ് വിസാ കച്ചവടം നടത്തുന്നവരിൽ ഏറെയും.
ഇതേ മേഖലയിൽ പ്രവർത്തിക്കുന്നവർ പണം പലിശയ്ക്ക് എത്തിച്ചു കൊടുത്ത് ഫ്രീ വിസ എടുക്കുന്നവർക്ക് ‘സഹായങ്ങൾ’ ചെയ്യുന്നുമുണ്ട്. ആയിരവും രണ്ടായിരവും വിസയ്ക്ക് ഈടാക്കുന്പോൾ ആയിരത്തിന് 100 ദിനാർ പ്രതിമാസ പലിശ ഈടാക്കുന്നുമുണ്ട്. ഗഡുക്കളായി ദിവസേന പണമടച്ചാൽ മതി എന്നുള്ള ഉറപ്പിലാണ് പലരും ഈ രീതി സ്വീകരിക്കുന്നത്. റെസ്റ്റോറന്റുകളെപ്പോലുള്ള സ്ഥാപനങ്ങളിൽ ദിവസേന പണം കളക്റ്റ് ചെയ്യുന്ന വിസാ ഏജന്റുമാരുമുണ്ട്. ഇരട്ടിയോളം തന്നെ പണം നൽകേണ്ടി വരുമെങ്കിലും തങ്ങളുടെ ദിവസ വരുമാനത്തിന്റെ ചെറിയ ഭാഗം നൽകി ഈ കടം കൊടുത്ത് തീർക്കാൻ കഴിയുന്നതിനാലാണ് ഇങ്ങിനെ ചെയ്യുന്നതെന്ന് ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന വയനാട് സ്വദേശിനി 4 പി.എം ന്യൂസിനോട് പറഞ്ഞു. പലപ്പോഴും വിസയുടെ കടം തീർക്കാനേ വരുമാനം ഉണ്ടാകുന്നുള്ളൂവെങ്കിലും നാട്ടിലേയ്ക്ക് മടങ്ങാതെ പിടിച്ചു നിൽക്കാമല്ലോ എന്നുള്ള ആശ്വാസമുണ്ടെന്നും അവർ പറഞ്ഞു. നാട്ടിൽ വലിയ ബാധ്യത ഉള്ളത് കൊണ്ടാണ് ഫ്രീ വിസ എടുത്തും തൊഴിൽ ചെയ്യാനായി ഇവിടേയ്ക്ക് എത്തിയതെന്നും അവർ പറഞ്ഞു.
ലാഭകരമല്ലാത്ത പ്രവർത്തന രഹിതമായ ചില സ്ഥാപനങ്ങളുടെ വിസയാണ് ഫ്രീ വിസ എന്ന രീതിയിൽ വിൽപ്പന നടത്തുന്നത്. ഒരു സ്ഥാപനം നടത്തുന്നതിനെക്കാൾ ലാഭകരമാണ് ചിലർക്ക് ഈ ബിസിനസ്. ഫ്രീ വിസ എടുക്കുന്നവർ തൊഴിൽ സാധ്യത ഇല്ലാതാകുന്പോൾ പലപ്പോഴും രാജ്യത്ത് തുടരാനാകാതെ തിരിച്ചു പോകുന്നവരുണ്ട്. എന്നാൽ ഇവർക്ക് വിസാ കാശ് തിരിച്ചുകൊടുക്കേണ്ടതില്ല. അങ്ങനെ ഒഴിവ് വരുന്ന വിസ മറ്റൊരാൾക്ക് ഏജന്റുമാർ വീണ്ടും വിൽക്കുന്നു. ഇതോടെ ഫ്രീ വിസാ വ്യാപാരം ലാഭകരമായിത്തന്നെ തുടരുകയും ചെയ്യുന്നു. രണ്ടും മൂന്നും വർഷത്തിലധികമായി പ്രവർത്തിക്കാത്ത നിരവധി സ്ഥാപനങ്ങൾ ഇപ്പോഴും രേഖകളിൽ സജീവമായി നിലനിൽക്കുന്നുണ്ട്. ബഹ്‌റൈന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ചില സ്ഥാപനങ്ങൾ പോലും വർഷങ്ങളായി അടച്ചിട്ടാണുള്ളതെങ്കിലും ഇവരുടെ വിസയിലുള്ള ജീവനക്കാർ മറ്റിടങ്ങളിൽ ജോലി ചെയ്തു വരികയാണ്. സ്ഥാപനങ്ങളുടെ ലാഭം കാണിച്ചു കൊണ്ട് എൻ.ആർ.ഐ അക്കൗണ്ട് വഴി നാട്ടിലേയ്ക്ക് പണം അയക്കാമെന്നുള്ളതും ഇത്തരം സ്ഥാപനങ്ങളെ നിലനിർത്തുന്നതിന്റെ കാരണങ്ങളിലൊന്നാണ്. സൗദി അറേബ്യയിൽ നിന്നും നാട്ടിലേയ്ക്ക് പണം അയക്കുന്നതിന് നിബന്ധനകൾ വന്നതോടെ ബഹ്‌റൈനിലെ ഇത്തരം ചില സ്ഥാപനങ്ങളുമായി ബന്ധമുള്ളവർ പണം അയക്കുന്നതിന് വേണ്ടിയും ഇത്തരം സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്താറുണ്ട്.
ഫ്രീ വിസാ കച്ചവടങ്ങൾ ഒരു തരത്തിൽ മനുഷ്യക്കടത്ത് തന്നെയാണ്. മാൻ പവർ ഏജൻസികൾക്ക് പകരം അംഗീകൃത സ്ഥാപനങ്ങൾ എന്നത് മാത്രമാണ് വ്യത്യാസം. യഥാർത്ഥത്തിൽ അംഗീകൃത ഏജൻസികൾക്ക് മാത്രമേ അതിർത്തികൾക്ക് അപ്പുറത്തുള്ള റിക്രൂട്ട്മെന്റുകൾക്ക് അവകാശമുള്ളൂ. കഴിഞ്ഞ ദിവസം വന്ന എൽ.എം.ആർ.എ അറിയിപ്പിൽ അനധികൃതമായ വിസാ വിൽപ്പന അധികൃതർ കർശ്ശന നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. അനധികൃതമായി താമസിക്കുന്നവർക്ക് വേണ്ടി നടപ്പിലാക്കിയ ഫ്‌ളക്‌സി പെർമിറ്റ് പോലുള്ള സംവിധാനം നിലവിലിരിക്കെ അനധികൃതമായി നടക്കുന്ന വിസാ കച്ചവടങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്താനുള്ള ശ്രമങ്ങളാണ് അധികൃതർ നടത്തിവരുന്നത്. എൽ.എം.ആർ.എയുടെ ലിസ്റ്റിൽ ഇല്ലാത്ത അംഗീകൃതമല്ലാത്ത ഏജൻസികളുമായാണ് തുടർന്ന് ജനങ്ങൾ ബന്ധപ്പെടുന്നതെങ്കിൽ, തുടർനടപടികളിൽ ഇവരും ഭാഗമാകുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.