ഫത്വ- നിയമനിർമ്മാണ വകുപ്പിൽ സന്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കാനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി : കുവൈത്തിൽ വിവിധ മേഖലകളിൽ സ്വദേശിവൽക്കരണ നടപടികൾ ത്വരിതപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി സന്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പാക്കുന്ന ആദ്യ സർക്കാർ വകുപ്പായ ഫത്വ നിയമനിർമ്മാണ വിഭാഗത്തിൽ തൊഴിൽ ചെയ്യുന്ന എല്ലാ വിദേശികളെയും പിരിച്ചുവിടുന്നു. വകുപ്പിൽ ജോലി ചെയ്യുന്ന വിദേശി ഗവേഷകരെ പിരിച്ചുവിടാനും പകരം സ്വദേശികൾക്ക് ജോലി നൽകാനും വകുപ്പ് മേധാവി സലാഹ് അൽ മസാഅദ് നിർദ്ദേശം നൽകി.
ആനുകൂല്യങ്ങളോടെയുള്ള പിരിച്ചുവിടൽ മൂന്നു മാസത്തിനകം നടപ്പാകും. 88 ശതമാനം സ്വദേശിവൽക്കരണമാണ് നേരത്തേ ഉദ്ദേശിച്ചിരുന്നതെങ്കിലും വിദേശികളായ ഫത്്വ നിയമനിർമ്മാണ വിഭാഗം മേധാവി സാലെ അൽ മസാദിന്റെനിർദ്ദേശമനുസരിച്ച് എല്ലാവർക്കും പിരിച്ചുവിടൽ നോട്ടീസ് നൽകുകയായിരുന്നു. സെക്യൂരിറ്റി വിഭാഗത്തിൽ മാത്രം ഏതാനും വിദേശികളാകും അവശേഷിക്കുക. വിദേശി ജീവനക്കാർക്ക് പിരിഞ്ഞു പോകുന്നതിന് നിയമാനുസൃത സമയപരിധി അനുവദിച്ചിട്ടുണ്ട്.
അതേസമയം പ്രാദേശിക ബാങ്കുകളിൽ 70 ശതമാനം സ്വദേശിവൽക്കരണത്തിന് അധികൃതർ നിർദ്ദേശം നൽകി. ബാങ്കുകളിൽ സി.ഇ.ഒ തൊട്ട് ഉന്നതതലങ്ങളിൽ ഇപ്പോൾ 33 ശതമാനമാണ് സ്വദേശികൾ ഉള്ളത്. പ്രമുഖ ബാങ്കുകളിൽ പലതിലും തലപ്പത്ത് ഇതിനകം സ്വദേശികൾ നിയമിക്കപ്പെട്ടിട്ടുണ്ട്.
വിദേശികളുടെ സേവനം പരമാവധി പരിശീലനത്തിനായി മാത്രം വിനിയോഗിച്ച് തൊഴിൽ രംഗത്ത് സ്വദേശികൾക്ക് അവസരം നൽകണമെന്നാണ് അധികൃതരുടെ തീരുമാനം. ദേശസാൽകൃത ബാങ്കുകളിലും ധന ഇടപാട് സ്ഥാപനങ്ങളിലും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഹെഡ് തുടങ്ങിയ തസ്തികകളിൽ സ്വദേശികൾ നിയമിതരായി. ഉയർന്ന തസ്തികകളിൽ 70 ശതമാനം വരെ സ്വദേശികളെ നിയമിക്കാനാണ് സെൻട്രൽ ബാങ്കിന്റെ നിർദ്ദേശം. ഇവർക്കു പരിശീലനം നൽകാനായി പരിചയസന്പന്നരായ വിദേശി ജീവനക്കാരെ ചുമതലപ്പെടുത്തണം.
കുവൈത്തിലെ പ്രധാനപ്പെട്ട ബാങ്കുകളായ നാഷണൽ ബാങ്ക് ഓഫ് കുവൈത്ത്, കുവൈത്ത് ഫൈനാൻസ് ഹൗസ്, വാർബ ബാങ്ക്, ബുബിയാൻ ബാങ്ക് എന്നിവ സ്വദേശികളുടെ നേതൃത്വത്തിൽ മുന്നേറുകയാണെന്നു വക്താവ് വിശദീകരിച്ചു.
കുവൈത്ത് ഫ്ളവർ ആൻഡ് ബേക്കറീസ് കന്പനിയിൽ 113 സ്വദേശികളെ നിയമിച്ചുകൊണ്ട് ഉത്തരവായി. മാർക്കറ്റിംങ് ഗവേഷകർ, പി.ആർ.ഒമാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ, ബിൽ പ്രൊസസർ, കാർ ഇലക്ട്രീഷ്യൻ, കെമിക്കൽ റിസർച്ചർ, അക്കൗണ്ടന്റ്, ഓഡിറ്റർ, സെയിൽസ് സൂപ്പർവൈസർ, സർവീസ് ഓഫീസർ, കന്പ്യൂട്ടർ ഓപ്പറേറ്റർ, അഡ്വർടൈസ്മെന്റ് ഡിസൈനർ, പ്രൊഡക്ഷൻ എൻജിനീയർ തുടങ്ങി വിവിധ തസ്തികകളിലാണ് സ്വദേശികളെ നിയമിക്കുന്നത്.

