എയർഇന്ത്യ എക്സ്പ്രസ് സർവിസുകൾ വെട്ടൽ; കുവൈത്ത് പ്രവാസികൾക്ക് കനത്തതിരിച്ചടി

ഷീബ വിജയൻ
കുവൈത്ത് സിറ്റി I കുവൈത്തിൽ നിന്നും മറ്റു ജി.സി.സി രാജ്യങ്ങളിൽ നിന്നും എയർഇന്ത്യ എക്സ്പ്രസ് സർവിസുകൾ വെട്ടികുറച്ചത് കുവൈത്ത് പ്രവാസികൾക്ക് ദുരിതമാകും. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള സർവിസുകളാണ് വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി ഒക്ടോബർ മുതൽ ഡിസംബർ വരെ പ്രധാനമായും വെട്ടിയത്. ഇത് മലബാർ മേഖലയിലേക്കുള്ള യാത്രക്കാരെ വലിയരൂപത്തിൽ ബാധിക്കും. കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള മുഴുവൻ സർവിസുകളും റദ്ദാക്കിയിട്ടുണ്ട്. നിലവിൽ എയർഇന്ത്യ എക്സ്പ്രസ് മാത്രമാണ് കുവൈത്തിൽ നിന്ന് ഈ രണ്ടു വിമാനത്താവളങ്ങളിലേക്കും നേരിട്ട് സർവിസ് നടത്തുന്നത്. കണ്ണൂരിലേക്ക് ആഴ്ചയിൽ രണ്ടും കോഴിക്കോടേക്ക് അഞ്ചും സർവിസാണുണ്ടായിരുന്നത്. ഇത് നിലക്കുന്നതോടെ വിന്റർ ഷെഡ്യൂളിൽ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും കുവൈത്തിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ ഇല്ലാത്ത അവസ്ഥയാകും.
സമ്മർ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസിന് കുവൈത്ത്, അബുദബി, ദുബൈ, ഷാർജ, ജിദ്ദ, ബഹ്റൈൻ, ദമാം, റാസൽഖൈമ, മസ്കത്ത് റൂട്ടുകളിൽ ആഴ്ചയിൽ 96 സർവിസുകളാണ് ഉണ്ടായിരുന്നത്. വിന്റർ ഷെഡ്യൂളിൽ ഇത് 54 ആയി കുറയും. തിരക്കേറിയ സർവിസുകൾ റദ്ദാക്കുന്നതിൽ പ്രവാസി സംഘടനകൾ കടുത്ത നിരാശയിലാണ്. സർവിസുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾക്കും വിവിധ സംഘടനകൾ രൂപം നൽകിവരികയാണ്.
xzsxzxz