കലോത്സവ കോഴക്കേസ്: ആരോപണം നേരിട്ട വിധികര്‍ത്താവ് പി എന്‍ ഷാജി വിഷം കഴിച്ച് മരിച്ചു


കേരള സര്‍വകലാശാല കലോത്സവത്തിലെ വിധിനിര്‍ണയത്തിന് കോഴ വാങ്ങിയെന്ന ആരോപണം നേരിട്ട വിധികര്‍ത്താവ് മരിച്ച നിലയില്‍. കണ്ണൂര്‍ ചൊവ്വ സ്വദേശി പി എന്‍ ഷാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കോഴക്കേസില്‍ താന്‍ നിരപരാധിയാണെന്ന് കാട്ടി ഷാജി എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ഇന്നലെ രാവിലെ പ്രഭാതഭക്ഷണം കഴിച്ച ശേഷം മുറിയില്‍ കയറി വാതിലടച്ച ഷാജി തനിക്ക് ഉച്ചഭക്ഷണം വേണ്ടെന്നും വിളിക്കരുതെന്നും വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്നാണ് ഷാജിയെ മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്.

വിധി നിര്‍ണയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണവും തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങളും സര്‍വകലാശാല കലോത്സവം നിര്‍ത്തിവയ്ക്കുന്നതിന് ഉള്‍പ്പെടെ കാരണമായിരുന്നു. വിഷം കഴിച്ച് മരിച്ച നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. താന്‍ ഒരു പൈസ പോലും കോഴ വാങ്ങിയിട്ടില്ലെന്നും നിരപരാധിയാണെന്നും ഇതിന്റെ പിന്നില്‍ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടേയെന്നും ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.

വിധികര്‍ത്താവായ ഷാജിയുടെ ഫോണില്‍ നിന്ന് ശേഖരിച്ച വിവരങ്ങളും മറ്റും അടിസ്ഥാനമാക്കിയാണ് കേസ് ഉയര്‍ന്നുവന്നിരുന്നത്. ഷാജി ഉള്‍പ്പെടെയുള്ളവര്‍ കലോത്സവത്തിന്റെ ഫലം അട്ടിമറിയ്ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനിടെ വിധികര്‍ത്താവിനെ ചില വിദ്യാര്‍ത്ഥി സംഘടനയില്‍ ഉള്‍പ്പെട്ടവര്‍ മര്‍ദിക്കുകയും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലെല്ലാം തങ്ങളെ ചിലരെല്ലാം ചേര്‍ന്ന് കുടുക്കിയതാണെന്നായിരുന്നു വിധികര്‍ത്താക്കളുടെ വാദം. വിധികര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ കലോത്സവ കോഴക്കേസ് കൂടുതല്‍ സങ്കീര്‍ണമാകുകയാണ്.

article-image

MNHGVHFGHGHFFGH

You might also like

  • Lulu Exchange
  • Straight Forward

Most Viewed