പ്രശ്നം പരിഹരിച്ചു; ബാലചന്ദ്രന്‍ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നൽകുമെന്ന് കേരള സാഹിത്യ അക്കാദമി

സാഹിത്യോത്സവത്തിന് എത്തിയപ്പോള്‍ മതിയായ പ്രതിഫലം നല്‍കിയില്ലെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ആരോപണത്തില്‍ പ്രതികരണവുമായി സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ കെ.സച്ചിദാനന്ദന്‍. ബാലചന്ദ്രന് മാന്യമായ പ്രതിഫലം നല്‍കാന്‍ നടപടി തുടങ്ങിയെന്നും പ്രശ്‌നം പരിഹരിച്ചതായും സച്ചിദാനന്ദന്‍ പറഞ്ഞു. നിലവില്‍ നല്‍കിയ തുക നിയമപ്രകാരം കുറവല്ല. എന്നാല്‍ പ്രഭാഷണത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ പ്രയത്‌നത്തിന് അനുസരിച്ച് പ്രത്യേക പരിഗണന കൊടുക്കേണ്ടതായിരുന്നു. ബാലചന്ദ്രനുണ്ടായ വിഷമത്തില്‍ ഖേദമുണ്ട്. പരിപാടിയുടെ സംഘാടനത്തില്‍ ഉണ്ടായ പിഴവാണിത്. നേരത്തേ ഈ പ്രശ്‌നം തന്‍റെ ശ്രദ്ധയില്‍പെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രഭാഷണം നടത്തിയ തനിക്ക് പ്രതിഫലമായി നല്‍കിയത് വെറും 2400 രൂപയാണെന്നായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ആരോപണം. എറണാകുളത്തുനിന്ന് തൃശൂര്‍ വരെ വാസ് ട്രാവല്‍സിന്‍റെ ടാക്‌സിക്ക് വെയ്റ്റിംഗ് ചാര്‍ജും ഡ്രൈവറുടെ ബാറ്റയുമടക്കം 3500 രൂപ ചെലവായി. 1100 രൂപ നല്‍കിയത് സീരിയലില്‍ അഭിനയിച്ച് താന്‍ നേടിയ പണത്തില്‍നിന്നാണെന്നും അദ്ദേഹത്തിന്‍റെ സുഹൃത്ത് സിഐസിസി ജയചന്ദ്രൻ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരുന്നു.
sdf