200 കോടി തട്ടി', പൂരം ഫിൻസെർവിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ഉത്തരവ്

തൃശൂരിലെ ധനകാര്യ സ്ഥാപനമായ പൂരം ഫിന്‍സെര്‍വ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ബഡ്സ് ആക്ട് പ്രകാരമാണ് നടപടി. പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്ത് മൂവായിരത്തിലേറെപ്പേരില്‍ നിന്ന് 200 കോടിയിലേറെ സമാഹരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ബഡ്സ് ആക്ട് പ്രകാരം സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ്. സ്ഥാപനത്തിന്‍റെ ഡയറക്ടര്‍മാരായ അനില്‍, സുനില്‍ എന്നീ സഹോദരന്മാരുടെ സ്വത്തുക്കളാണ് താല്‍ക്കാലികമായി ജപ്തി ചെയ്യുന്നത്. സ്വത്തുകളുടെ മഹസ്സര്‍, ലൊക്കേഷന്‍ സ്‌കെച്ച്, തണ്ടപ്പേര്‍ പകര്‍പ്പ് എന്നിവയുള്‍പ്പെടെ റിപ്പോര്‍ട്ട് തഹസില്‍ദാര്‍മാര്‍ തയ്യാറാക്കും.
ജില്ലാ രജിസ്ട്രാര്‍ തുടര്‍ന്നുള്ള വില്പന നടപടികള്‍ താല്‍ക്കാലികമായി മരവിപ്പിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസര്‍മാര്‍ക്കും അടിയന്തരമായി നല്‍കും. പ്രതികളുടെ പേരില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മോട്ടോര്‍ വാഹനങ്ങളുടെയും പട്ടിക തൃശൂര്‍ റീജ്യണൽ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ തയ്യാറാക്കി കളക്ടറേറ്റിലേക്കും ജില്ലാ പൊലീസ് മേധാവിക്കും കൈമാറും. ബാങ്കുകള്‍ /ട്രഷറികള്‍ /സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരംഭിച്ച എല്ലാത്തരം അക്കൗണ്ടുകളും ഫിക്‌സഡ് ഡെപ്പോസിറ്റുകളും മരവിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ എല്ലാ സ്ഥാപന മേധാവിമാരും അടിയന്തരമായി സ്വീകരിക്കണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിലുണ്ട്. ജില്ലയിലെ എല്ലാ ബാങ്ക് മാനേജര്‍മാര്‍ക്കും ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കാന്‍ തൃശൂര്‍ ലീഡ് ബാങ്ക് മാനേജറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
saddcdf