യുവതിയെ 18 വർഷം മുമ്പ് കൊന്ന് കുഴിച്ചുമൂടിയെന്ന് പരാതി: വീടിൻ്റെ സമീപം പരിശോധിച്ച് പൊലീസ്

മാനന്തവാടി: യുവതിയെ സഹോദരൻ 18 വർഷം മുമ്പ് കൊന്ന് കുഴിച്ചുമൂടിയെന്ന പരാതിയെ തുടർന്ന് വീടിൻ്റെ പരിസരത്ത് കുഴിയെടുത്ത് പരിശോധിച്ച് പൊലീസും റവന്യൂ വകുപ്പ് അധികൃതരും. 2005 ഏപ്രിൽ മാസം മുതൽ കാണാതായ തൻ്റെ സഹോദരിയെ സഹോദരൻ കൊന്ന് കുഴിച്ചുമൂടിയതായി സംശയിക്കുന്നുവെന്ന് പരാതിപ്പെട്ട് വീട്ടമ്മയാണ് രംഗത്തെത്തിയത്. മാനന്തവാടി വരയാൽ 41 ആം മൈൽ കുറ്റിലക്കാട്ടിൽ കുഞ്ഞിമോൾ എന്ന ബീനയാണ് തൻ്റെ സഹോദരി ഷൈനിയെ കൊന്ന് കുഴിച്ചുമൂടിയതായി പരാതി നൽകിയത്. തലപ്പുഴ പോലീസിനെയാണ് ഇവർ പരാതിയുമായി സമീപിച്ചത്. യുവതികളുടെ സഹോദരനായ നിധീഷിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
ബീനയുടെ പരാതി പ്രകാരം 2023 ഫെബ്രുവരിയിൽ ഷൈനിയെ കാണാതായതിന് മിസ്സിംഗ് കേസെടുത്ത് തലപ്പുഴ പൊലീസ് അന്വേഷണമാരംഭിച്ചിരുന്നു. എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് മാനന്തവാടി തഹസിൽദാർ എം.ജെ അഗസ്റ്റിൻ്റേയും, ഡിവൈഎസ്പി പി.എൽ ഷൈജുവിൻ്റെയും നേതൃത്വത്തിലാണ് നേരത്തെ ഷൈനിയും കുടുംബവും താമസിച്ചിരുന്ന വീടിൻ്റെ മുറ്റത്തിനോട് ചേർന്ന ഭാഗവും മറ്റും ഹിറ്റാച്ചി ഉപയോഗിച്ച് കുഴിയെടുത്തു പരിശോധിച്ചത്. പരിശോധനയിൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫോറൻസിക് സർജൻ എസ് കൃഷ്ണകുമാർ , മാനന്തവാടി പോലീസ് ഇൻസ്പെക്ടർ എംഎം അബ്ദുൾ കരീം, തലപ്പുഴ എസ് ഐ വിമൽ ചന്ദ്രൻ തുടങ്ങിയവരും പരിശോധനക്ക് നേതൃത്വം നൽകി.
പരാതിക്കാരി ബീനയ്ക്ക് ഏഴ് സഹോദരങ്ങളാണുള്ളത്. ഇതിൽ ഒരാളായ ഷൈനിയെയാണ് 2005 ഏപ്രിൽ മാസം മുതൽ കാണാതായത്. ഇവരുടെ അമ്മയോടൊപ്പമാണ് ഷൈനി താമസിച്ചിരുന്നത്. ഷൈനിയെ കാണാതാവുന്ന സമയം പരാതിക്കാരിയായ ബീന വിദേശത്തായിരുന്നു. ലീവിന് നാട്ടിൽ വന്നപ്പോഴാണ് ഷൈനിയെ കാണാതായ വിവരം അറിയുന്നത്. ആദ്യം അമ്മയും സഹോദരൻമാരും ഷൈനി വിദേശത്തേക്ക് പോയെന്നായിരുന്നു പറഞ്ഞിരുന്നതെന്നും ബീന പറയുന്നു. പിന്നീട് ബീന തറവാടിനടുത്ത് സ്ഥലം വാങ്ങുകയും വീടുവെക്കുകയും അമ്മയുമായി കൂടുതൽ അടുക്കുകയും ചെയ്തു. ഈ സമയത്താണ് അമ്മയും മറ്റൊരു സഹോദരനായ കുര്യനും ഷൈനി കൊലചെയ്യപ്പെട്ട കാര്യം പറഞ്ഞതെന്നാണ് ബീന പറയുന്നത്.
ഹോംനഴ്സായി ജോലി ചെയ്തുവന്നിരുന്ന ഷൈനിയുടെ കൈവശം ധാരാളം പണവും സ്വർണവുമുണ്ടായിരുന്നു. അത് സ്വന്തമാക്കാനാണ് ഷൈനിയെ കൊന്ന് വീടിന് ചേർന്ന് കുഴിച്ചുമൂടിയതെന്ന് സൂചനകൾ ലഭിച്ചതായാണ് ബിനയുടെ ആരോപണം.
aeswdadsdsads