മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് തോമസ് കെ. തോമസ്


ആലപ്പുഴ: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെ മന്ത്രി സ്ഥാനത്തില്‍ അവകാശവാദവുമായി കുട്ടനാട് തോമസ് കെ. തോമസ് രംഗത്ത്. രണ്ടരവര്‍ഷത്തിനുശേഷം തന്നെ മന്ത്രിയാക്കാമെന്ന് മുന്നണിയില്‍ ധാരണ ഉള്ളതായി അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ നേരിട്ട് ഉറപ്പ് നല്‍കിയിരുന്നതായി തോമസ് അവകാശപ്പെട്ടു. ഇക്കാര്യവുമായി ബന്ധപ്പെട്ട് ശരദ് പവാറിനെ ഉടന്‍ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. പി. സി. ചാക്കോയുടെ വിയോജിപ്പ് കണക്കാക്കുന്നില്ല. പ്രഫുല്‍ പട്ടേലും, സുപ്രിയ സുലേ പോലുള്ള ദേശീയനേതാക്കള്‍ പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ എ.കെ. ശശീന്ദ്രനാണ് സംസ്ഥാനത്തെ എന്‍സിപിയുടെ മന്ത്രി. വനംവകുപ്പാണ് അദ്ദേഹത്തിന്‍റെ കൈവശമുള്ളത്.
അതേ സമയം, രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തിട്ട് രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്ന നവംബറില്‍ ഘടകകക്ഷി വകുപ്പുകളില്‍ മന്ത്രിമാര്‍ക്ക് മാറ്റമുണ്ടാകുമെന്നാണ് സൂചന. മുന്‍ധാരണ അനുസരിച്ചാണ് പുനഃസംഘടന നടത്താനൊരുങ്ങുന്നത്. അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫിന്‍റെ യോഗത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച ഉണ്ടായേക്കും. ഇതനുസരിച്ച് മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവര്‍കോവിലും സ്ഥാനമൊഴിയും. ഗതാഗതവകുപ്പ് വേണ്ട എന്ന് ഗണേഷ് നേരത്തേ അറിയിച്ചിരുന്നു. ഇതോടെ ഗണേഷിന് വനംവകുപ്പ് കൊടുത്ത് എ.കെ.ശശീന്ദ്രനെ ഗതാഗത വകുപ്പിന്‍റെ ചുമതല ഏല്‍പ്പിക്കാനാണ് നീക്കം. സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. മന്ത്രി വീണാ ജോര്‍ജിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. എ.എന്‍.ഷംസീറിനെ ആരോഗ്യമന്ത്രിയാക്കാനാണ് ആലോചന.
ADSADSADSADSADS