പുതുപ്പള്ളി വിധിയെഴുതി; വിജയ പ്രതീക്ഷയില്‍ മുന്നണികള്‍


കോട്ടയം:

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. 182 ബൂത്തുകളിലും വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ അവസാന റിപ്പോർട്ട് പ്രകാരം 72. 91 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് വോട്ടെടുപ്പ് പൂർത്തിയായത്. മഴയെ അവഗണിച്ചും പുതുപ്പള്ളിയിലെ സമ്മതിദായകര്‍ ബൂത്തുകളിലെത്തി. എന്നാല്‍ ചില ബൂത്തുകളില്‍ പോളിങ് വൈകിയതില്‍ അസ്വാഭാവികതയുണ്ടെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചു. മുപ്പതില്‍ അധികം ബൂത്തുകളില്‍ പോളിങ് മന്ദഗതിയിലായിരുന്നു. നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെട്ടു. ആളുകള്‍ക്ക് വോട്ട് ചെയ്യാതെ തിരിച്ചു പോകേണ്ടി വന്നു. പരാതി നല്‍കിയിട്ടും വോട്ടിങ് മെഷിന്‍ അനുവദിച്ചില്ല. പോളിങ് വൈകിയത് അന്വേഷിക്കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

പുതുപ്പള്ളി ജനവിധി രേഖപ്പെടുത്തിയതോടെ വിജയസാധ്യതകള്‍ കണക്കുകൂട്ടിയെടുക്കുന്ന തിരക്കിലാണ് മുന്നണികള്‍. വെള്ളിയാഴ്ചയാണ് വോട്ട് എണ്ണല്‍. 128624 പേര്‍ വോട്ട് രേഖപ്പെടുത്തി. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ചരിത്ര വിജയം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇടത് മുന്നണി സര്‍ക്കാരിനെതിരായ വിലയിരുത്തലാകും വിധിയെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന് ശുഭപ്രതീക്ഷയെന്ന് വി എന്‍ വാസവന്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലും വിജയ പ്രതീക്ഷയിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed