നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടരവയസ്സുകാരന് ദാരുണാന്ത്യം

അമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന പിഞ്ചുകുഞ്ഞ് നിയന്ത്രണംവിട്ട കാറിടിച്ച് മരിച്ചു. അമ്മയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദയംപേരൂർ എം.എൽ.എ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന വലിയകുളം ഊപ്പടിത്തറ രഞ്ജിത്തിന്റെയും രമ്യയുടെയും മകന്‍ ആദിയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് വൈക്കം റോഡിൽ ചൂരക്കാട് ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം.
ലേക്ക്‌ഷോർ ആശുപത്രിയിൽ നഴ്‌സായ രമ്യ ജോലി കഴിഞ്ഞു മടങ്ങവെ ചൂരക്കാട് വൈ.എം.എ റോഡിലെ ഡേകെയറിൽ നിന്ന് കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് നടക്കുന്നതിനിടെ നിയന്ത്രണംതെറ്റി വന്ന കാർ ഇരുവരെയും പുറകിൽ നിന്ന് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവ് രഞ്ജിത് കുടിവെള്ള ടാങ്കറിന്റെ ഡ്രൈവറാണ്. സഹോദരി: അമേയ (ഒമ്പത്). തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ryrtur