ഇ.പി ജയരാജനെതിരെ ഇപ്പോൾ അന്വേഷണം വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ ഇപ്പോൾ അന്വേഷണം വേണ്ടെന്ന് സിപിഐഎം. വിഷയം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. ചർച്ചയ്ക്ക് ശേഷം വിവാദങ്ങളോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇപി ജയരാജൻ പ്രതികരിച്ചില്ല. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ഹാപ്പി ന്യൂഇയർ എന്നുമാത്രം ഇപി ജയരാജൻ പറഞ്ഞു.
വലിയ വിമർശനങ്ങളാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്നത്. തത്ക്കാലം വിവാദ വിഷയത്തിൽ അന്വേഷണം വേണ്ടെന്ന നിലപാടാണ് യോഗം സ്വീകരിച്ചത്. വിവരശേഖരണം നടത്തി വിവരങ്ങൾ പഠിച്ച ശേഷം അന്വേഷണത്തിലേക്ക് പോയാൽ മതി. എൽഡിഎഫ് കൺവീനറും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും ആയ ഇ.പിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന നടപടി ഇപ്പോൾ വേണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
റിസോർട്ടിലെ മാനേജ്‌മെന്റിലെ പടലപ്പിണക്കങ്ങളാണ് ആരോപണത്തിന് പിന്നിലെന്നാണ് ഇ.പിയുടെ വാദം. മാത്രമല്ല വ്യവസായം വരുന്നതിനുള്ള അന്തരീക്ഷം ഒരുക്കുകയും അതിനായി വ്യവസായികളെ ഒരുമിപ്പിക്കുകയുമാണ് താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ കേന്ദ്ര നേതൃത്വവും ഇടപെട്ടിരുന്നില്ല. ജനുവരിയിൽ ചേരുന്ന കേന്ദ്രകമ്മിറ്റി വിഷയം പരിഗണിച്ചേക്കും.
fghfhfg