പിപിഇ കിറ്റ് അഴിമതി ആരോപണം; കെകെ ശൈലജക്കെതിരെ ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

പിപിഇ കിറ്റ് അഴിമതി ആരോപണം സർക്കാരിന്റെ ഹർജി തള്ളി ലോകായുക്തക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ അടക്കമുള്ളവർക്കെതിരെ അന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടു. ആരോഗ്യ സെക്രട്ടറി രാജൻ കോബ്രഗഡെ അടക്കുമുള്ളവർ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. 500 രൂപ മാത്രം വിലമതിക്കുന്ന പിപിഇ കിറ്റ് മൂന്നിരട്ടി ഉയർന്ന നിരക്കിൽ വാങ്ങിയെന്ന് ആരോപിച്ച് ലോകയുക്തയ്ക്ക ലഭിച്ച പരാതിയിലാണ് അന്വേഷണം. പരാതിയെ തുടർന്ന് മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ ഉൾപ്പടെയുള്ളവർക്ക് ലോകായുക്ത നോട്ടീസ് അയച്ചിരുന്നു.
രാജൻ കോബ്രഗഡെ ഉൾപ്പടെ പതിനൊന്ന് പേർക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വീണ എസ് നായരാണ് ലോകായുക്തക്ക് പരാതി നൽകിയത്. അഴിമതി, ക്രമക്കേടുകൾ ആരോപിച്ചുള്ള പരാതിയിൽ അന്വേഷണം നടത്താൻ ലോകയുക്തയ്ക്ക് അധികാരമുണ്ടെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 2020 മാർച്ച് 29നാണ് കെയ്‌റോണിൽ നിന്നും പിപിഇ കിറ്റ് വാങ്ങുന്നത്. തൊട്ടടുത്ത ദിവസം മാർച്ച് 30ന് സാൻഫാർമയിൽ നിന്നും കിറ്റ് വാങ്ങിയിരുന്നു. 1,550 രൂപ എന്ന നിരക്കിൽ സാൻഫാർമയിൽനിന്ന് സംസ്ഥാന സർക്കാരിനു വേണ്ടി 50,000 പിപിഇ കിറ്റുകളാണ് വാങ്ങിയത്. കൂടാതെ 446.25 രൂപയ്ക്ക് കെയ്‌റോണിൽ നിന്നും കിറ്റ് വാങ്ങി. ഇതേ ദിവസം തന്നെ ന്യൂകെയർ ഹൈജീന്‍ പ്രോഡക്ട് എന്ന മറ്റൊരു കമ്പനിയിൽനിന്നും പിപിഇ കിറ്റ് പർച്ചേസ് നടത്തിയിരുന്നു. ഈ കമ്പനി കിറ്റിന് 475.25 രൂപയാണ് ഈടാക്കിയതെന്ന് രേഖകളിൽ പറയുന്നു. വിപണിയിൽ കുറഞ്ഞ വിലയ്ക്ക് കിറ്റുകൾ ലഭ്യമാണെന്ന അറിവുണ്ടായിട്ടും വന്‍തുക നൽകിയാണ് മറ്റ് രണ്ട് കമ്പനികളിൽനിന്ന് പർച്ചേസ് നടത്തിയിരിക്കുന്നതെന്നും രേഖകൾ വ്യക്തമാക്കിയിരുന്നു. അഡ്വ. സി ആർ പ്രാണകുമാർ നൽകിയ വിവരാവകാശ അപ്പീലിലാണ് ഈ രേഖകൾ ലഭിച്ചത്.
fugyu