ഹർ‍ത്താൽ‍ ദിനത്തിൽ‍ ഹെൽ‍മറ്റ് ഇട്ട് വണ്ടിയോടിച്ച് കെഎസ്ആർ‍ടിസി ഡ്രൈവർ‍


സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താലിനിടെ കെഎസ്ആർ‍ടിസി ഡ്രൈവറുടെ വിഡിയോ വൈറലാകുന്നു. എറണാകുളം ആലുവയിൽ‍ നിന്നുള്ള കെഎസ്ആർ‍ടിസി ഡ്രൈവറുടെ വീഡിയോയാണ് വൈറലാകുന്നത്. കല്ലേറ് അടക്കമുള്ള ആക്രമണങ്ങൾ‍ പ്രതീക്ഷിച്ച് കെഎസ്ആർ‍ടിസി ബസ് ഡ്രൈവർ‍ സുരക്ഷയുടെ ഭാഗമായി ഹെൽ‍മറ്റ് ഇട്ട് വണ്ടിയോടിക്കുന്ന വിഡിയോയാണ് വൈറലാകുന്നത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോഗമിക്കുന്നതിനിടെ വ്യാപക അക്രമ സംഭവങ്ങളാണ് ഉണ്ടാകുന്നത്. പലയിടത്തും കെ എസ്ആർടിസി വാഹനങ്ങൾക്ക് നേരെ ഉൾപ്പെടെ കല്ലേറ് ഉണ്ടായി. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, പന്തളം, കൊല്ലം, തൃശൂർ ,കണ്ണൂർ എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായത്.

അതേസമയം ഹർ‍ത്താലിനിടെ ക്രമസമാധാനം ഉറപ്പാക്കാൻ കർ‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി നിർ‍ദേശം നൽ‍കി. അതിനിടെ യാത്രക്കാർ‍ കുറവാണെങ്കിലും കെഎസ്ആർ‍ടിസി ബസുകൾ‍ സർ‍വീസ് നടത്തുന്നുണ്ട്. ഓട്ടോയും സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ട്. എന്നാൽ‍ സ്വകാര്യ ബസുകൾ‍ സർ‍വീസ് നടത്തുന്നില്ല.

പോപ്പുലർ‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹർ‍ത്താലിൽ‍ കർ‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഹർ‍ത്താൽ‍ ദിനത്തിൽ‍ ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികൾ‍ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർ‍ക്കും നിർ‍ദേശം നൽ‍കി. അക്രമത്തിൽ‍ ഏർ‍പ്പെടുന്നവർ‍, നിയമലംഘകർ‍, കടകൾ‍ നിർ‍ബന്ധമായി അടപ്പിക്കുന്നവർ‍ എന്നിവർ‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും.

You might also like

Most Viewed