തെരുവുനായ ആക്രമണങ്ങൾക്ക് ഏതുവിധേനയും ശാശ്വതപരിഹാരം കാണണമെന്നു സുപ്രീംകോടതി

കേരളത്തിൽ വർധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങൾക്ക് ഏതുവിധേനയും ശാശ്വതപരിഹാരം കാണണമെന്നു സുപ്രീംകോടതി. ഇതുസംബന്ധിച്ച ഹർജികളിൽ കോടതി 28−ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.
അക്രമകാരികളും പേവിഷബാധയേറ്റതുമായ തെരുവുനായ്‌ക്കളെ കേന്ദ്രചട്ടങ്ങൾ പാലിച്ച് കൊന്നുകൂടേയെന്നും ജസ്‌റ്റിസുമാരായ സഞ്‌ജീവ് ഖന്ന, ജെ.കെ. മഹേശ്വരി എന്നിവരുൾപ്പെട്ട ബെഞ്ച് ആരാഞ്ഞു.തെരുവുനായശല്യത്തിനു പരിഹാരനിർദേശങ്ങൾ സമർപ്പിക്കാന്‍ സംസ്‌ഥാനസർക്കാരിനോടും കേസിലെ കക്ഷികളോടും കോടതി ആവശ്യപ്പെട്ടു. മനുഷ്യരുടെ സുരക്ഷയും മൃഗങ്ങളോടുള്ള ദയാവായ്‌പ്പും ഒരുപോലെ പരിഗണിച്ചുള്ള നിർദേശങ്ങളാണു വേണ്ടത്. ഇക്കാര്യത്തിൽ തൽസ്‌ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ജസ്‌റ്റിസ് സിരിജഗന്‍ കമ്മിഷനോടും കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിലാകും ഇടക്കാല ഉത്തരവ്.
കേരളത്തിലെ സ്‌ഥിതി അതീവഗുരുതരമാണെന്നും പേവിഷബാധയ്‌ക്കെതിരേ വാക്‌സിൻ സ്വീകരിച്ച കുട്ടികൾവരെ മരിക്കുകയാണെന്നും ഹർജിക്കാർക്കുവേണ്ടി ഹാജരായ വി.കെ. ബിജു ഉൾപ്പടെയുള്ള അഭിഭാഷകർ വാദിച്ചു. പൊതുഅടിയന്തരാവസ്‌ഥയ്‌ക്കു സമാനമാണ് സാഹചര്യമെന്നും ചട്ടങ്ങൾ പാലിച്ച് തെരുവുനായ ആക്രമണങ്ങൾക്കെതിരേ നടപടിയെടുക്കാന്‍ അനുവദിക്കണമെന്നും സംസ്‌ഥാനസർക്കാർ അഭ്യർഥിച്ചു.
വാക്‌സിനേഷന്റെയും നഷ്‌ടപരിഹാരത്തിന്റെയും ഉത്തരവാദിത്വമാർക്കെന്ന വാദപ്രതിവാദവുമുയർന്നു. തെരുവുനായ്‌ക്കൾക്കു ഭക്ഷണം കൊടുക്കുന്നവരെ അതിന് അനുവദിക്കാമെന്നും എന്നാൽ നഷ്‌ടപരിഹാരം അടക്കമുള്ളവയുടെ ഉത്തരവാദിത്വവും അവർക്കായിരിക്കണമെന്നും കോടതി പറഞ്ഞു. രാജ്യത്ത് നായ്‌ക്കളെ ഇഷ്‌ടപ്പെടുന്ന നിരവധിപ്പേരുണ്ട്.
നായ്‌ക്കളെ ഇഷ്‌ടപ്പെട്ട്, വളർത്തുന്നയാളാണു താനെന്ന് ജസ്‌റ്റിസ് സഞ്‌ജീവ് ഖന്ന പറഞ്ഞു. തെരുവുനായ്‌ക്കൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളെ കേസിൽ കക്ഷിചേരാൻ അനുവദിച്ച കോടതി, എല്ലാവരുടെയും വാദം കേട്ടശേഷം ഹർജിയിൽ ഉത്തരവിടാമെന്നു വ്യക്‌തമാക്കി.
gxg