ഇസ്ലാമിക പാഠ്യപദ്ധതിയിൽ സംസ്‌കൃതം പാഠ്യവിഷയമാക്കി തൃശൂരിലെ എഎസ്എഎസ്
ഇസ്ലാമിക പാഠ്യപദ്ധതിയിൽ സംസ്‌കൃതം പാഠ്യവിഷയമാക്കി തൃശൂരിലെ അക്കാദമി ഓഫ് ശരീഅ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (എഎസ്എഎസ്). സംസ്‌കൃതം കൂടാതെ ഉപനിഷത്തുകളും അദ്വൈത ശാസ്ത്രവും ഭഗവദ് ഗീതയും സിലബസിലുണ്ട്. അക്കാദമിയിലെ ഇസ്ലാമിക് ശരീഅ കോഴ്‌സിലാണ് വ്യത്യസ്തമായ സിലബസ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ എക്‌സ്പ്രസാണ് വൈവിധ്യങ്ങൾ നിറഞ്ഞ ഇസ്ലാമിക സിലബസ് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
മറ്റ് മതങ്ങളുടെ വീക്ഷണങ്ങളെക്കുറിച്ചുള്ള പഠനത്തിലൂടെ കൂടുതൽ വിശാലമായ അറിവും കാഴ്ച്ചപ്പാടും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക എന്നതാണ് എഎസ്എഎസിന്റെ ലക്ഷ്യം. മറ്റ് ഇസ്ലാമിക പഠന കേന്ദ്രങ്ങളിൽനിന്ന് വ്യത്യസ്തമാണിത്. സമസ്ത കേരള ജമാ ഇയ്യത്തുൾ ഉലമ എന്ന സുന്നി സംഘടനയ്ക്ക് കീഴിലാണ് അക്കാദമി പ്രവർത്തിക്കുന്നത്. ‘ഇന്ത്യൻ സംസ്‌കാരത്തിന്റെ സമ്പന്നമായ വൈവിധ്യത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അസുഖകരമായ വാർത്തകൾ നിറയുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ ‘പോസിറ്റീവ് വൈബ്’ സൃഷ്ടിക്കാനും കൂടി വേണ്ടിയാണിത്’, എന്ന് സമസ്ത എറണാകുളം ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസി ഓണമ്പിള്ളി പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
കാലടി ശ്രീ ശങ്കര കോളേജിൽ നിന്ന് അദ്വൈതത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ മുഹമ്മദ് ഫൈസിയാണ് വിദ്യാർത്ഥികളെ ഭഗവദ് ഗീത പഠിപ്പിക്കുന്നത്.
‘ചിട്ടയോടെയാണ് യഥാക്രമം സംസ്‌കൃതം പഠിപ്പിക്കുന്നത്. സംസ്‌കൃത പഠനത്തിനായുള്ള ‘സിദ്ധരൂപം’ എന്ന കൃതിയിലൂടെയാണ് പഠനം ആരംഭിക്കുന്നത്. കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവരെ ഉന്നത തലങ്ങളിലേക്ക് പഠനത്തിനായി അയക്കും. സംസ്‌കൃത പണ്ഡിതനായിരുന്ന കെ.പി നാരായണ പിഷാരടിയുടെ ശിഷ്യനായ യതീന്ദ്രൻ ഫാക്കൽറ്റി അംഗങ്ങളിലൊരാളാണ്. സിറിയൻ ഭാഷ പഠിക്കണമെന്നാണ് പ്രവാചകനായ മുഹമ്മദ് നബി യുവാക്കളോട് പറഞ്ഞത്. മറ്റ് വിഭാഗങ്ങളെക്കുറിച്ചുള്ള പഠനം അറിവിന്റെ പുതിയ തലങ്ങളാണ് തുറന്നിടുന്നത്. ഇസ്ലാമിക പഠനം നടത്തുന്ന വിദ്യാർത്ഥികളിലെ ന്യൂനത അവർക്ക് പ്രതിനിധീകരിക്കുന്ന മതത്തിൽ മാത്രമേ അറിവുള്ളൂ എന്നതാണ്. മറ്റ് വിഭാഗങ്ങളുമായി സംവദിക്കുന്നതിന് അതൊരു തടസ്സമാണ്’, മുഹമ്മദ് ഫൈസി ഇന്ത്യന്‍ എക്‌സ്പ്രസിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി.
വിദ്യാർത്ഥികൾ സംസ്‌കൃത ഭാഷയിൽ പ്രാവീണ്യം നേടുന്നതിനായി ശിൽപ്പശാലകളും അക്കാദമി നടത്താറുണ്ട്. പത്താം തരം വിജയിച്ചവർക്കാണ് എട്ട് വർഷം നീണ്ടു നിൽക്കുന്ന കോഴ്‌സിൽ അഡ്മിഷന്‍ നേടാൻ കഴിയുക. മത പഠന ബിരുദത്തോടൊപ്പം വിദൂര വിദ്യാഭ്യാസത്തിലൂടെ കാലിക്കറ്റ് സർവ്വകലാശാലയുടെ ബിരുദവും കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കും.
