ബിജെപിക്ക് പകരം ഇപ്പോൾ ഗവർണറാണ് പ്രതികരിക്കുന്നതെന്ന് എംവി ജയരാജൻ


കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രാദേശിക സംഘപരിവാർ നേതാവിനേക്കാൾ തരം താണുപോയി എന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. അത്ര അധഃപതിക്കാൻ പാടില്ല. ഗവർണർ മറ്റാരോ പറയുന്നതിനനുസരിച്ച് കാര്യങ്ങൾ ചെയ്യുകയാണ്. രാവിലെ ബിജെപി നേതാവും ഉച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് സംസാരിക്കും എന്ന സ്ഥിതിയായി. ബിജെപിക്ക് പകരം ഇപ്പോൾ ഗവർണറാണ് പ്രതികരിക്കുന്നത്. ഗവർണർ പദവിയിലിരുന്ന് രാഷ്ട്രീയം കളിക്കാൻ തുടങ്ങിയാൽ അത് ഭരണഘടനക്ക് എതിരാണെന്നും എം വി ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. 

യുജിസിയും യൂണിവേഴ്സിറ്റിയുടെ സ്റ്റാറ്റ്യൂട്ടും അനുശാനിക്കുന്ന എല്ലാ നടപടി ക്രമങ്ങളും അനുസരിച്ചാണ് ഇന്നത്തെ വിസിയെ അന്ന് നിയമിച്ചത്. ഇപ്പോഴത്തെ ഗവർണർ 2019ൽ വന്നതിന് ശേഷമാണ് സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്ത നടപടി ക്രമങ്ങൾക്ക് പുനർനിയമനം നൽകാൻ തീരുമാനമായത്. അതും നിയമപ്രകാരം തന്നെയാണ് നടന്നത്. നാല് വർഷക്കാലത്തെ കണ്ണൂർ വിസിയുടെ സേവനം പരിശോധിച്ച ശേഷം ചരിത്ര പണ്ഡിതൻ കൂടിയായ അദ്ദേഹത്തിന് പുനർ നിയമനം നൽകണമെന്ന് തീരുമാനിച്ചു. സുപ്രീം കോടതി മുൻ ന്യായാധിപനായിരുന്ന ആൾ നിയമിച്ചതാണ് ഇപ്പോഴത്തെ വിസിയെ. പുനർനിയമനത്തിന് അനുമതി കൊടുത്തപ്പോൾ വിസിയുടെ യോഗ്യതകൾ ഇപ്പോഴത്തെ ഗവർണർ പരിശോധിച്ചിരിക്കുമല്ലോ. അന്ന് പറയാതെ ഇപ്പോൾ കൊള്ളരുതാത്തവൻ എന്ന് പറയുന്നത് ആശ്ചര്യജനകമായ കാര്യമാണ്∍, ജയരാജൻ പറഞ്ഞു.

പ്രാദേശിക സംഘപരിവാർ നേതാവിനേക്കാൾ തരം താണുപോയി നമ്മുടെ ഗവർണർ എന്ന് പറയേണ്ടി വന്നതിൽ അതിയായ ദുഃഖമുണ്ട്. അത്ര അധഃപതിക്കാൻ പാടില്ല. എല്ലാ നിയമനങ്ങളും പരിശോധിക്കട്ടെ. തെറ്റായ കാര്യം നടന്നിട്ടുണ്ടെങ്കിൽ ഗവർണർ കൂടി ഉത്തരവാദിയാണ്. ഗവർണർ മറ്റാരോ പറയുന്നതിനനുസരിച്ച് കാര്യങ്ങൾ ചെയ്യുകയാണ്. രാവിലെ ബിജെപി നേതാവ് പ്രതികരിക്കും. ഉച്ചയ്ക്ക് പ്രതിപക്ഷ നേതാവ് സംസാരിക്കും എന്ന സ്ഥിതിയായി. ബിജെപിക്ക് പകരം ഇപ്പോൾ ഗവർണറാണ് പ്രതികരിക്കുന്നത്. ഗവർണർ പദവിയിലിരുന്ന് രാഷ്ട്രീയം കളിക്കാൻ തുടങ്ങിയാൽ അത് ഭരണഘടനക്ക് എതിരാണ്. കോൺഗ്രസിൻ്റെയും ബിജെപിയുടെയും പണി ഗവർണർ അവർക്ക് വിട്ടു കൊടുക്കണം,∍ ജയരാജൻ പറഞ്ഞു.

∍തൊട്ടാൽ വെട്ടാൻ ഗവർണർ∍ ഒരു പ്രമുഖ പത്രത്തിൽ ഇന്ന് വന്ന തലക്കെട്ടാണ്. വെട്ടാനായി നോക്കിനിൽക്കുന്ന ഒരാളെന്നാണ് മുഖ്യ മാധ്യമം പോലും പറഞ്ഞത്. അങ്ങനെയൊരാളായി ഗവർണർ പദവിയിൽ ഇരിക്കാൻ പറ്റുമോ? ചാൻസലറും വൈസ് ചാൻസലറും ഏറ്റുമുട്ടേണ്ട പദവിയിൽ ഇരിക്കേണ്ടവരല്ല, യോജിച്ചു പോകേണ്ടവരാണ്. തമ്മിൽ സൗഹൃദാന്തരീക്ഷമാണ് ഉണ്ടാകേണ്ടത്. എന്നാൽ ഇവിടെ ഏക പക്ഷീയമായ വെട്ടലാണ് ഗവർണർ നടത്തുന്നത്. ഓർഡിനൻസ് ബില്ലായാൽ ഒപ്പിടില്ലെന്നാണ് ഗവർണർ പറയുന്നത്. രാജ്ഭവനിലെ 200ഓളം ജീവനക്കാർ പി എസ് സി വഴി വന്നവരാണോ? മറ്റുള്ളവരെ കുറ്റം പറയുമ്പോൾ അതു കുടി പരിശോധിക്കണം. മുഴുവൻ നിയമങ്ങളും പി.എസ്.സിക്ക് വിടാൻ ഗവർണർ തയ്യാറുണ്ടോ∍?എന്നും ജയരാജൻ ചോദിച്ചു.

You might also like

Most Viewed