തട്ടിപ്പ് കേസ്; മുംബൈയിൽ‍‍ മലയാളി ജ്വല്ലറി ഉടമ അറസ്റ്റിൽ‍


തട്ടിപ്പ് കേസിൽ മുംബൈയിൽ‍‍ മലയാളി ജ്വല്ലറി ഉടമ അറസ്റ്റിൽ‍. മുംബൈ കേന്ദ്രമാക്കി സ്വർ‍ണ വ്യാപാരം നടത്തിയിരുന്ന മലയാളിയാണ് അറസ്‌റ്റിലായത്. നിക്ഷേപകരിൽ‍ നിന്നും കോടികൾ‍ തട്ടിയെടുത്ത് മുങ്ങിയ എസ് കുമാർ‍ ജ്വല്ലേഴ്‌സ് ഉടമ ശ്രീകുമാർ‍ പിള്ള നാടകീയമായാണ് മുംബൈ ഉപനഗരമായ ഡോംബിവ്ലിയിൽ‍ നിന്ന് അറസ്റ്റിലാകുന്നത്. ദക്ഷിണ മുംബൈയിലെ ലോകമാന്യ തിലക് മാർ‍ഗ് പൊലീസ് സ്റ്റേഷനിലെ ഒരു സംഘമാണ് ഡോംബിവ്ലിയിൽ‍ നിന്ന് ശ്രീകുമാർ‍ ശങ്കരപിള്ളയെ പിടി കൂടിയത്. ബി.എം.ഡബ്ല്യു കാറും കാറിൽ‍ ഒളിപ്പിച്ചിരുന്ന 2.9 കോടി രൂപയും പ്രതിയിൽ‍ നിന്ന് പിടിച്ചെടുത്തു.

സ്വർ‍ണ്ണ നിക്ഷേപ പദ്ധതിയിൽ‍ വന്‍ തുക പലിശ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 4.22 കോടി രൂപ തട്ടിയെടുത്തെന്ന് കാണിച്ച് താനെയിലെ 11 ഹോൾ‍സെയിൽ‍ സ്വർ‍ണ്ണ, ഡയമണ്ട് കച്ചവടക്കാർ‍ നൽ‍കിയ പരാതിയിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ടിന് മുന്നിൽ‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ‍ റിമാന്‍ഡ് ചെയ്തു.

സാധാരണക്കാരായ നിക്ഷേപകർ‍ കൂടാതെ ഹോൾ‍സെയിൽ‍ സ്വർ‍ണ്ണ ആഭരണ നിർ‍മ്മാതാക്കളും പിള്ളയുടെ തട്ടിപ്പിന് ഇരയായിരുന്നു. സ്വർ‍ണ്ണക്കട നടത്തുകയാണെന്ന് വിശ്വസിപ്പിച്ച് ഹോൾ‍സെയിൽ‍ നിർ‍മാതാക്കളിൽ‍ നിന്ന് സ്വർ‍ണം തട്ടിയെടുക്കുന്നതായിരുന്നു ശ്രീകുമാർ‍ പിള്ളയുടെ രീതിയെന്നാണ് പോലീസ് പറഞ്ഞത്. തുടക്കത്തിൽ‍ കൃത്യമായി പണം നൽ‍കി വിശ്വാസ്യത നേടിയ ശേഷം വന്‍ തുകയ്ക്കുള്ള സ്വർ‍ണം വാങ്ങി കബളിപ്പിച്ചുവെന്നാണ് പരാതികൾ‍. മുംബൈ സാവേരി ബസാറിൽ‍ മാത്രം പിള്ളയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേരാണ്.

ശ്രീകുമാർ‍ പിള്ള പിടിയിലായ ഡോംബിവ്ലിയിലെ കെട്ടിടത്തിന് സമീപമാണ് ആഡംബര കാർ‍ ഉണ്ടായിരുന്നത്. പിടികൂടുന്ന സമയത്ത് കാറിന്റെ കീ ഒളിപ്പിക്കാൻ പിള്ള ശ്രമിച്ചതായി പൊലീസ് പറഞ്ഞു. പിന്നീട് കീ കണ്ടെത്തി പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ‍ നിന്ന് ബാഗുകളിൽ‍ സൂക്ഷിച്ച പണം കണ്ടെത്തിയത്.

You might also like

  • Straight Forward

Most Viewed