ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണം; കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹി അറസ്റ്റില്‍

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹി ഷുക്കൂറാണ് അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പേര്‍ നിരീക്ഷണത്തിലാണെന്ന് കമ്മീഷ്ണര്‍ അറിയിച്ചു. ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ഇന്നലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശിവദാസനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
എല്‍ഡിഎഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം സ്വരാജിന്റെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ് അനുകൂലികളായ സ്റ്റീഫന്‍ ജോണ്‍, ഗീത പി തോമസ് എന്നീ എഫ്ബി, ട്വിറ്റര്‍ അക്കൗണ്ട് ഉടമകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഐടി ആക്ട് 67എ, 123 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ജോ ജോസഫിനെ സ്വഭാവഹത്യ നടത്തി, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിന് വീഡിയോ പ്രചരിപ്പിച്ചെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്