കണ്ണൂര്‍ നഗരത്തില്‍ വീണ്ടും വന്‍ കഞ്ചാവ് ശേഖരം പിടികൂടി. ബിഹാർ സ്വദേശി പിടിയിൽ


കണ്ണൂര്‍ നഗരത്തില്‍ വീണ്ടും വന്‍ കഞ്ചാവ് ശേഖരം പിടികൂടി. തുടര്‍ചയായ നാലാം ദിവസമാണ് പത്തോളം പേരെ പൊലീസ്-എക്‌സൈസ് റെയ്ഡില്‍ പിടികൂടുന്നത്. എക്‌സൈസ് കമീഷനറുടെ ഉത്തര മേഖലാ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ പിള്ളയാര്‍ കോവിലിന് സമീപത്തെ സംഗമം ലോഡ്ജ് പരിസരത്ത് വച്ച് ബീഹാര്‍ സംസ്ഥാനത്തെ സിവാന്‍ ജില്ല സ്വദേശിയായ രാജേഷ് മാജി എന്ന റിത്വിഖി(27)നെയാണ് അഞ്ച് കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.

കണ്ണൂരിലെ ലോഡ്ജുകളില്‍ മാസ വാടകയ്ക്ക് റൂം എടുത്ത് കഞ്ചാവ് ചെറു പൊതികളാക്കി വന്‍ ലാഭത്തില്‍ വില്‍പ്പന ചെയ്യുന്ന രീതിയാണ് ഇയാളുടേത്. ആഴ്ചകളോളം എക്‌സൈസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. നാട്ടിലേക്ക് പോയി തിരിച്ചു വരുമ്പോള്‍ കിലോക്കണക്കിന് കഞ്ചാവ് കണ്ണൂരിലേക്ക് കടത്തിക്കൊണ്ടു വന്ന് വില്‍പന ചെയ്യുന്ന രീതിയാണ് ബിഹാര്‍ സ്വദേശി ചെയ്തിരുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി കഞ്ചാവ് ലഹരിമരുന്ന് കടത്ത് വ്യാപകമാക്കിയതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എക്‌സൈസിന്റെ സൈബര്‍ സെല്ലിന്റെ സഹായത്തോടുകൂടി സംയുക്തമായാണ് ഇയാളെ വലയിലാക്കിയത്. ഒറീസയില്‍ നിന്നുമാണ് പ്രതി കഞ്ചാവ് എത്തിച്ചത്. പാര്‍ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ എം കെ സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുഹൈല്‍ പി പി, സജിത്ത് എം, അനീഷ് ടി, റോഷി കെ പി, എക്‌സൈസ് കമീഷനര്‍ സ്‌ക്വാഡ് അംഗങ്ങളായ പി ജലീഷ്, കെ ബിനീഷ്, സൈബര്‍ സെല്‍ അംഗങ്ങളായ ടി സനലേഷ്, സുഹീഷ് എന്നിവര്‍ ചേര്‍ന്നാണ് ബീഹാര്‍ സ്വദേശിയെ പിടികൂടിയത്. ഇയാളെ വെള്ളിയാഴ്ച കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മുമ്പാകെ ഹാജരാക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed