പ്ലസ്ടു കെമിസ്ട്രി മൂല്യനിർണയം: ബഹിഷ്‌കരണം തുടരുമെന്ന് അദ്ധ്യാപകർ

പ്ലസ്ടു കെമിസ്ട്രി ഉത്തരപേപ്പർ മൂൽയനിർണയ പ്രതിസന്ധി തുടരുന്നു. ഉത്തരസൂചിക മാറ്റിയില്ലെങ്കിൽ ബഹിഷ്‌കരണം തുടരുമെന്നാണ് അദ്ധ്യാപകരുടെ നിലപാട്. എന്നാൽ മൂൽയ നിർണയ ക്യാമ്പിൽ ഇന്ന് എത്തിയില്ലെങ്കിൽ നടപടി ഉണ്ടാവുമെന്ന് മുന്നറിപ്പാണ് വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുള്ളത്. വകുപ്പ് നിലപാട് മന്ത്രി തന്നെ വ്യക്തമാക്കിയതോടെ ഭിന്നത ശക്തമാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ മൂൽയനിർണയം അദ്ധ്യാപകർ ഇന്നും ബഹിഷ്‌കരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ ഉത്തര സൂചികയിലെ അപാകതകൾ പരിഹരിക്കണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം. എന്നാൽ ഇതിന്റെ പേരിൽ മൂല്യനിർണയം ബഹിഷ്‌കരിച്ചാൽ അച്ചടക്ക നടപടി ആലോചിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
മൂൽയനിർണയത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദേശിച്ച് ഹയർ സെക്കൻഡറി പരീക്ഷ ബോർഡ് സെക്രട്ടറി ഇന്നലെ സർക്കുലർ ഇറക്കിയിരുന്നു. മൂല്യനിർണയത്തിൽ നിന്ന് വിട്ടു നിന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും സർക്കുലറിലുണ്ട്. പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക അട്ടിമറിച്ചെന്നാരോപിച്ചാണ് ഒരു വിഭാഗം അദ്ധ്യാപകർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇത്തവണ പ്ലസ്ടു പരീക്ഷകളിൽ ഏറ്റവും വലച്ച പരീക്ഷ് കെമിസ്ട്രിയായിരുന്നു. എന്നാൽ ചോദ്യക്കടലാസ് പോലെ കഠിനമാണ് ഉത്തരസൂചികയെന്നും ഇതനുസരിച്ചു മൂൽയനിർണയം നടത്തിയാൽ നല്ലൊരു വിഭാഗം വിദ്യാർഥികളും തോൽക്കുമെന്നാണ് മൂല്യനിർണയത്തിനു നിയോഗിക്കപ്പെട്ട അദ്ധ്യാപകരുടെ വിമർശനം. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത കെമിസ്ട്രി അധ്യാപകർ തയ്യാറാക്കി ഹയർ സെക്കണ്ടറി ജോ. ഡയറക്ടർക്ക് നൽകിയ ഉത്തര സൂചിക ഒഴിവാക്കിയെന്നാണ് ആക്ഷേപം. മൂല്യനിർണയത്തിന് നൽകിയത് തയ്യാറാക്കിയത് ആരാണെന്ന് വ്യക്തമാക്കാത്ത ഉത്തരസൂചികയാണെന്നും അദ്ധ്യാപകർ ആരോപിക്കുന്നു.